ലോകത്തിലെ ഏറ്റവും വലിയ മൈക്ക്
മൈക്രോഫോൺ അഥവാ മൈക്കുകൾ, ഏതൊരു വേദിയിലും താരം മൈക്ക് തന്നെയാണ്. പല തരത്തിലും ഇനത്തിലുമുള്ള മൈക്രോഫോണുകൾ വിപണിയിൽ ലഭ്യമാണ്. ആദ്യമായി മൈക്ക് കണ്ടുപിടിച്ചത് 1876ൽ അലക്‌സാണ്ടർ ഗ്രഹാം ബെല്ലാണ്. 1876ൽ എമിൽ ബെർലിനറും തോമസ് ആൽവ എഡിസനും ചേർന്നാണ് കാർബൺ മൈക്രോഫോൺ കണ്ടെത്തിയത്. ശരിയായ രീതിയിലുള്ള മൈക്ക് എന്നു വിളിക്കാവുന്ന ആദ്യ മൈക്കായിരുന്നു ഇത്.
മൊബൈലിലെ ചെറിയ മൈക്രോഫോൺ മുതൽ പരിപാടികളിലും ഓഡിയോ സ്റ്റുഡിയോകളിലുമൊക്കെ ഉപയോഗിക്കുന്ന മൈക്കുകൾ വരെ നമുക്ക് അറിയാം. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് ലോകത്തിലെ ഏറ്റവും വലുപ്പമുള്ള മൈക്കാണ്. 5 മീറ്റർ നീളത്തിലും 3.1 മീറ്റർ വീതിയിലുമുള്ള ഈ മൈക്ക് ക്വോറോസ് സൂപ്പർമൈക്ക് എന്നാണറിയപ്പെടുന്നത്. ചൈനയിലെ ഷാങ്ഹായിയിലുള്ള ക്വോറോസ് ഓട്ടമോട്ടീവ് കമ്പനിയാണ് ഈ മൈക്ക് നിർമിച്ചത്. സ്വീഡനിൽ നിന്നുള്ള ഒരു മൈക്കിനായിരുന്നു ഇതിനുമുമ്പ് ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്നത്. 675 കിലോ ഭാരമുള്ള ഈ മൈക്ക് ഡേവിഡ് ആബെർഗ് എന്ന വ്യക്തിയാണ് നിർമ്മിച്ചത്.