സൂപ്പർ സൂംബ!!! അറിയാം ഗുണങ്ങള്‍…

സുംബയാണ് ഇപ്പോള്‍ കേരളത്തിലെ ചൂടുളള സംസാര വിഷയം. സ്‌കൂളുകളില്‍ സുംബ ഡാന്‍സ് നടത്താനുളള വിദ്യാഭ്യാസ വകുപ്പിന്റെ നീക്കത്തിനെതിരെ മതസംഘടനകള്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കുകയാണ്. സുംബ ആഭാസമാണെന്നും സ്‌കൂളുകളില്‍ വേണ്ടെന്നുമാണ് മതസംഘടനകളുടെ നിലപാട്. കുട്ടികള്‍ക്കുളള ലഘുവ്യായാമ രീതി എന്ന നിലയ്ക്ക് സുംബ നടപ്പാക്കാനുളള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് തന്നെയാണ്.കുട്ടിയുടുപ്പിട്ട് ഇഴകി ചേര്‍ന്നുള്ള നൃത്തപരിപാടിയാണ് സൂംബ എന്ന തരത്തില്‍ വരെ ആരോപണം ഉയര്‍ന്നു. സൂംബ സ്‌കൂളില്‍ വേണ്ടായെന്ന് ഒരു പക്ഷവും വേണമെന്ന് മറ്റൊരു പക്ഷവും. സത്യത്തില്‍ എന്താണ് സൂംബ? അതിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണ്? കുട്ടികളില്‍ അത് എത്രമാത്രം ഗുണം ചെയ്യും? സൂംബയെ കുറിച്ച് നമുക്ക് വിശദമായി ഒന്ന് അറിഞ്ഞാലോ … ആസ്വദിച്ച് ചെയ്യാമെന്നതുകൊണ്ട് തന്നെ സൂംബ പോലുള്ള നൃത്തവ്യായാമത്തിന് ആരാധകര്‍ ഏറെയാണ്. പ്രായഭേദമന്യേ ഈ വ്യായാമം ചെയ്യാം എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. നൃത്തവും സംഗീതവും ചേര്‍ന്ന വ്യായാമാണ്. അതുകൊണ്ട് തന്നെയാണ് സൂംബ ജനപ്രിയമാകുന്നതും.പാട്ടിന്‍റെ താളത്തിനൊപ്പം ചുവടുവയ്ക്കുന്ന ഒരു തരം വര്‍ക്കൗട്ടാണ് സൂംബ. ചുരുക്കി പറഞ്ഞാല്‍ വിവിധ നൃത്തങ്ങളുടെ സമന്വയമായ ഡാന്‍സ് ഫിറ്റ്നസ് പ്രൊഗ്രാം വര്‍ക്കൗട്ട്. അത് ആസ്വദിച്ച് ചെയ്യുന്നതിലൂടെ മനസിന് സന്തോഷം പകരുന്നുണ്ട്. പ്രായഭേദമന്യേ ഈ വര്‍ക്കൗട്ടില്‍ പങ്കാളികളാവാം. ഏത് മടിയന്മാരേയും സൂംബയ്ക്ക് ആകര്‍ഷിക്കാനുള്ള കഴിവുണ്ട്. തടി കുറയ്ക്കാനും ശരീരത്തിന് ആകാരഭംഗി നേടിയെടുക്കാനും സൂംബ സഹായിക്കും. മാത്രമല്ല മാനസിക പിരിമുറുക്കം കുറയ്ക്കാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും സൂംബ ഡാന്‍സ് വര്‍ക്കൗട്ട് സഹായിക്കും.എയറോബിക് വ്യായാമവുമായി സംയോജിപ്പിക്കുന്ന ഫിറ്റ്നസ് പ്രോഗ്രാമാണിത്. സംഗീതത്തിനൊപ്പം അതിന്‍റെ താളത്തില്‍ നൃത്തം ചെയ്യുന്നതാണ് സൂംബ. ഗ്രൂപ്പ് വ്യായാമ ക്ലാസുകളായിട്ടാണ് ഇത് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്.

സൂംബ ചെയ്യുന്ന ഏതൊരു വ്യക്തിക്കും ക്ഷീണമോ തളര്‍ച്ചയോ അനുഭവപ്പെടുന്നത് കുറവായിരിക്കും. അതു കണക്കിലെടുക്കുമ്പോള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ചെയ്യാവുന്ന വ്യായാമമാണിത്. സംഗീതതാളത്തിനൊപ്പം ആസ്വദിച്ച് ഒരു സുഹൃത്തിക്കുള്‍ക്കൊപ്പം ഒരു പാര്‍ട്ടി മൂഡോടെ സൂംബ ചെയ്യാമെന്നതാണ് പ്രത്യേകത. ഇതു തന്നെയാണ് സൂംബയിലേക്ക് ആളുകളെ കൂടുതല്‍ അടുപ്പിക്കുന്നതും.
ഫിറ്റനസ് എന്ന ഗണത്തിലാണ് സൂംബയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സല്‍സ, മരെംഗേ, കൂമ്പിയ, റെഗറ്റോണ്‍ എന്നിവയും സൂംബയില്‍ ഉള്‍പ്പെടുന്നുണ്ട്. അതോടൊപ്പം ഹിപ്പ്ഹോപ്പും സൂംബയുടെ ഭാഗമാണ്. ഈ നൃത്തരൂപങ്ങള്‍ക്കൊക്കെ ചില ഫിറ്റ്നസ് ടെക്‌നിക്കുകള്‍ സൂംബയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
