June 28, 2025, 6:38 pm

ജാനകി VS സ്റ്റേറ്റ് ഓഫ് കേരള : തിങ്കളാഴ്ച സെൻസർ ബോർഡ് ഓഫീസിനു മുന്നിൽ സമരം നടത്തുമെന്ന് ഫെഫ്‌ക

കൊച്ചി: സുരേഷ് ഗോപി നായകനായ ‘ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റണമെന്ന സെൻസർ ബോർഡിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് സിനിമാസംഘടനകൾ സമരത്തിലേക്ക്. .തിങ്കളാഴ്ച തിരുവനന്തപുരത്ത് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) റീജണൽ ഓഫീസിനുമുന്നിലാണ് സമരം. ഫെഫ്‌ക, താരസംഘടനയായ ‘അമ്മ’, നിർമാതാക്കളുടെ സംഘടന എന്നിവയെല്ലാം ചേർന്നാണ് സമരം സംഘടിപ്പിക്കുന്നത് . ഇത് ഒരു സിനിമയുടെമാത്രം പ്രശ്‌നമല്ലെന്നും സിനിമാമേഖലയ്ക്കു മുഴുവൻ വേണ്ടിയാണെന്നും ‘ഫെഫ്‌ക’ ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണ‌ൻ വ്യക്തമാക്കി.അതേസമയം ജെഎസ്കെ ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ ചിത്രത്തിന്റെ പേരുമാറ്റവിവാദത്തിൽ സെൻസർ ബോർഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതിയും എത്തിയിരുന്നു.ജാനകി എന്നത് പൊതുവായി ഉപയോഗിക്കുന്ന പേരാണെന്നും എന്തിനാണ് അത് മാറ്റുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ജാനകി എന്ന പേരിന് എന്താണ് കുഴപ്പമെന്നും കോടതി ആരാഞ്ഞു . സിനിമയുടെ ട്രെയിലറിനും ടീസറിനും സിബിഎഫ്‌സി അനുമതി നൽകിയതാണ്. ഇതേ പേരുള്ള ട്രെയിലറും ടീസറുംതന്നെയാണ് പ്രദർശിപ്പിച്ചത്. സിനിമ കാണാതെ അതിൻ്റെ ചുരുക്കമായ സിനോപ്‌സിസ് വായിച്ചാണ് സിബിഎഫ്സി ചെയർമാൻ ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിട്ടതെന്നും ഉണ്ണികൃഷ്‌ണൻ പറഞ്ഞു.റിവൈസിങ് കമ്മിറ്റിയും സിനിമയുടെ പേരും ജാനകി എന്ന കേന്ദ്രകഥാപാത്രത്തിൻ്റെ പേരും മാറ്റണമെന്ന് ആവശ്യപ്പെട്ടതോടെ പ്രശ്നപരിഹാരത്തിനായി കോടതിയിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് സംവിധായകൻ പ്രവീൺ നാരായണനും അണിയറപ്രവർത്തകരും.