June 27, 2025, 7:47 pm

പെൻഷൻകാർക്ക് സമാധാനിക്കാം:സർക്കാർ കെഎസ്ആർടിസിക്ക് 122 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി ജൂൺ മാസത്തിൽ 122 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 72 കോടി രൂപയും മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 50 കോടി രൂപയുമാണ് അനുവദിച്ചത്. ഈ സർക്കാരിൻ്റെ കാലത്ത് 6523 കോടി രൂപയാണ് കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി ലഭിച്ചത് എന്ന് മന്ത്രി ഫെയ്‌സ്ബുക്കിൽ കുറിച്ചു. ബജറ്റിൽ ഈ സാമ്പത്തിക വർഷത്തേയ്ക്ക് 900 കോടി രൂപയാണ് കോർപ്പറേഷന് വകയിരുത്തിയത്. ഇതിൽ 388 കോടി രൂപ മൂന്നു മാസത്തിനുള്ളിൽ ലഭ്യമാക്കിയതായും ധനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റിൽ അനുവദിച്ചിരുന്ന 900 കോടി രൂപയ്ക്ക് പുറമെ 676 കോടി രൂപ അധികമായി കോർപ്പറേഷന് ലഭിച്ചതായും ധനമന്ത്രി കൂട്ടിച്ചേർത്തു.