April 25, 2025, 7:25 pm

മേധാ പട്കർ അറസ്റ്റിൽ

ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് മേധാ പട്കറുടെ അറസ്റ്റ് രേഖപെടുത്തിയിരിക്കുന്നത് .ഡല്‍ഹിയിലെ സാകേത് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 23 കൊല്ലം പഴക്കമുളള കേസിനാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത് . ഈ കേസിലാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഉച്ചയോടെ മേധാ പട്കറെ സാകേത് കോടതിയില്‍ ഹാജരാക്കും. നിയമപരമായ ആശ്വാസം ദുരുപയോഗം ചെയ്തുവെന്നും കോടതി നിര്‍ദേശങ്ങളോട് അനാദരവ് കാട്ടിയെന്നും ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്.കേസില്‍ ഏപ്രില്‍ 23-ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മേധാ പട്കര്‍ക്ക് അതിന് കഴിഞ്ഞില്ല. വീഡിയോ കോളിലൂടെ അവര്‍ വാദം കേള്‍ക്കലിന് ഹാജരായി. എന്നാല്‍ നേരിട്ട് കോടതിയില്‍ വരാതിരുന്നതും ശിക്ഷാനിയമങ്ങള്‍ പാലിക്കാതിരുന്നതുമായ നടപടി മനപ്പൂര്‍വ്വം കോടതി നടപടികളില്‍ നിന്നുളള ഒഴിഞ്ഞുമാറ്റമായി തോന്നിയെന്ന് കോടതി വിമര്‍ശിച്ചു. മുന്‍ ശിക്ഷാ ഉത്തരവ് അവഗണിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.കേസില്‍ നേരത്തെ മേധാ പട്കര്‍ കുറ്റക്കാരിയെന്ന് കണ്ടെത്തി മൂന്നുമാസം തടവിന് കോടതി വിധിച്ചിരുന്നു. എന്നാല്‍ അവരുടെ പ്രായവും ആരോഗ്യവും കണക്കിലെടുത്ത് നഷ്ടപരിഹാരത്തുകയും പ്രോബേഷന്‍ ബോണ്ടും സമര്‍പ്പിച്ചാല്‍ മതിയെന്ന് പറഞ്ഞുകൊണ്ട് അവര്‍ക്ക് കോടതി പ്രൊബേഷന്‍ അനുവദിക്കുകയായിരുന്നു. 2025 ഏപ്രില്‍ അഞ്ചിന് ഈ വ്യവസ്ഥകള്‍ പാലിക്കാന്‍ കോടതി മേധാ പട്കറോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇവ പാലിക്കുന്നതില്‍ അവര്‍ തുടര്‍ച്ചയായി പരാജയപ്പെടുകയായിരുന്നു. മേധാ പട്കര്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് കോടതി പരിഗണിക്കുന്നതുവരെ ജയില്‍ശിക്ഷ 30 ദിവസത്തേക്ക് നിര്‍ത്തിവയ്ക്കും.