തുല്യമായ നീതി തുല്യമായ പെൻഷൻ
ജീവിതത്തിന്റെ പകുതി കാലമത്രെയും ജോലിക്കായി ചിലവഴിച്ചു ശിഷ്ട കാലം ജീവിക്കുനതിയനായി കൈയിൽ കിട്ടുന്ന സംബാത്യമാണ് പെൻഷൻ എന്ന് പറയുന്നത്. ലോകത്താകമാനമുള്ള എല്ലാ രാജ്യങ്ങളിലും വ്യത്യസ്ത രീതികളിലുള്ള പെൻഷൻ സമ്പ്രദായമാണ് നിലവിലുള്ളത്. എന്നാൽ രാജ്യങ്ങളുടെ വികസന രീതി അനുസരിച് പെന്ഷനും വ്യത്യസ്തമാണ് .പെൻഷൻ ആരുടെയും ഔദാര്യമല്ലെന്നും മൗലികാവകാശമാണെന്നും അന്താരാഷ്‌ട്ര തൊഴിൽ സംഘടന (ഐഎൽഒ) നിർദ്ദേശിക്കുകയും കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്.ഭാരതത്തിൽ വിവിധ മേഖലകളിൽ വ്യത്യസ്ത പെൻഷൻ സമ്പ്രദായമാണുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, അർദ്ധസർക്കാർ ജീവനക്കാർ, കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ തൊഴിൽ മേഖല, അസംഘടിത തൊഴിൽമേഖല എന്നിങ്ങനെ പല മേഖലകളിലും പലതരത്തിലുള്ള പെൻഷൻ സമ്പ്രദായമാണ് നടപ്പിലാക്കിയിട്ടുള്ളത്.

ഓൾഡ് പെൻഷൻ സ്‌കീം, ന്യൂ പെൻഷൻ സ്‌കിം, യുണൈറ്റഡ് പെൻഷൻ സ്‌കീം എന്ന രീതിയിൽ സംസ്ഥാന ജീവനക്കാർക്ക് പല പദ്ധതികൾ നിലവിലുണ്ട്.പഴയ പെൻഷൻ സ്‌കീമിൽ അവസാനം വാങ്ങിയ ശമ്പളത്തിന്റെ 30 ശതമാനം വരെ പെൻഷനായി ലഭിക്കും.പിന്നീട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ പദ്ധതി നിർത്തലാക്കി. 2002 ജനുവരി ഒന്ന് മുതൽ നാഷണൽ പെൻഷൻ സ്‌കീം എന്ന പേരിൽ പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കി.2025 ഏപ്രിൽ ഒന്ന് മുതൽ കേന്ദ്രസർക്കാർ യുണൈറ്റഡ് പെൻഷൻ സ്‌കീം ആവിഷ്‌കരിച്ചു. സർക്കാർ വിഹിതം 18 ശതമാനമായി ഉയർത്തി. ഈ പദ്ധതി എൻപിഎസിൽ അംഗങ്ങളായ ജീവനക്കാർക്ക് ഓപ്ഷൻ ആയി സ്വീകരിക്കാം. ജോലിയിൽ പ്രവേശിച്ചുകഴിഞ്ഞാൽ എൻപിഎസ് വേണോ യുപിഎസ് വേണോ എന്ന് തെരഞ്ഞെടുക്കാം.കേരളത്തിൽ പങ്കാളിത്ത പെൻഷൻ 2013 ഏപ്രിൽ ഒന്ന് മുതൽ നടപ്പിലാക്കി. ഈ പെൻഷൻ പദ്ധതിയിലേക്ക് ജീവനക്കാരുടെയും സർക്കാരിന്റെയും വിഹിതം 10 ശതമാനം വീതമാണ്. ഈ സ്‌കീമിൽ വരുന്ന ആളുകൾക്ക് വിരമിക്കൽ പ്രായം 60 ഉം മറ്റുള്ളവർക്ക് 56 ഉം ആണ്.പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്നാണ് സർവ്വീസ് സംഘടനകളുടെ ആവശ്യം. കേരളത്തിൽ പങ്കാളിത്ത പെൻഷൻ നടപ്പിലാക്കുന്ന അവസരത്തിൽ യുഡിഎഫ് സർക്കാരായിരുന്നു ഭരണത്തിൽ. പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കുന്നതിനെതിരെ സംസ്ഥാനത്ത് ജീവനക്കാരുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ നടന്നിരുന്നു. അന്ന് ഇടതുമുന്നണി പറഞ്ഞത് അവർ അധികാരത്തിൽ വന്നാൽ പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്നാണ്. ആ വാഗ്ദാനം ഇപ്പോഴും വെള്ളത്തിലാണ് .

ഇപിഎഫ് , ലേബർ വെൽഫയർ, സാമൂഹ്യ സുരക്ഷ എന്നിവയാണ് മറ്റ് പെൻഷൻ പദ്ധതികൾ. ഇതിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ നോൺ കോൺട്രിബ്യൂട്ടറി പെൻഷനാണ്. മുതിർന്ന പൗരന്മാർ, വിധവകൾ, വികലാംഗർ എന്നിവർക്ക് വരുമാനത്തിന്റെ പരിധി നിശ്ചയിച്ചിട്ടാണ് പെൻഷൻ നൽകുന്നത്. പ്രതിവർഷം ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്ക് മാത്രമേ സാമൂഹ്യ പെൻഷൻ ലഭ്യമാകൂ. പ്രതിമാസം 1600 രൂപയാണ് പെൻഷൻ. ഇതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിഹിതമുണ്ട്. തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ളവർക്ക് ലഭിക്കുന്ന ക്ഷേമ പെൻഷനാണ് മറ്റൊരു പദ്ധതി. കർഷക തൊഴിലാളികൾ, കെട്ടിടനിർമ്മാണ തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ, തയ്യൽ തൊഴിലാളികൾ, മോട്ടോർ തൊഴിലാളികൾ ഉൾപ്പെടെ 200-ൽ പരം തൊഴിൽ മേഖലകളെ പ്രതിനിധാനം ചെയ്തുകൊണ്ടുള്ള 16 ൽ പരം ക്ഷേമബോർഡുകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്.ചില പെൻഷനുകൾ തനത് ഫണ്ടിൽനിന്നും ബാക്കി സർക്കാർ സഹായത്തോടുകൂടിയുമാണ് നൽകുന്നത്. ക്ഷേമബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് മാത്രമേ ഈ പെൻഷൻ ലഭ്യമാകൂ. ഈ തുകയാവട്ടെ തുച്ഛവും. നിർമാണ മേഖലയിൽ ദേശീയ അടിസ്ഥാനത്തിൽ ക്ഷേമനിധി ബോർഡ് ഉള്ളതുകൊണ്ട് സംസ്ഥാനങ്ങളിലും പല രീതിയിലാണ് പെൻഷൻ നൽകുന്നത്.

ഇപിഎഫ് 2014 മുതൽ മിനിമം പെൻഷൻ 1000 രൂപയായി തീരുമാനിച്ചത് 11 വർഷം പിന്നിട്ടിട്ടും യാതൊരു വർധനവും ഉണ്ടായിട്ടില്ല. അഞ്ചരക്കോടി തൊഴിലാളികൾ ഇപിഎഫിൽ അംഗങ്ങളാണ്. ഇപ്പോൾ 85 ലക്ഷത്തിൽപ്പരം തൊഴിലാളികൾ ഇപിഎഫ് പെൻഷൻകാരാണ്.ഇപിഎഫ് പെൻഷൻകാരിൽ 40 ശതമാനം ആളുകളും മിനിമം പെൻഷൻ 1000 രൂപ വാങ്ങുന്നവരാണ്.പാർലമെന്ററി സബ് കമ്മിറ്റിയും ഇപിഎഫ് ട്രസ്റ്റ് ബോർഡും മിനിമം പെൻഷൻ വർധിപ്പിക്കണമെന്ന് നിർദ്ദേശം വച്ചെങ്കിലും ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടില്ല. 1995 ൽ എംപ്ലായീസ് പ്രോവിഡന്റ് ഫണ്ട് പുനരാവിഷ്‌കരിച്ചപ്പോൾ കോൺട്രിബ്യൂട്ടറി വേതനം 5000 ആയിരുന്നു. അതോടൊപ്പം മാനേജ്മെന്റിന്റെയും തൊഴിലാളികളുടേയും സമ്മതത്തോടെ മുഴുവൻ ശമ്പളത്തിന്റെയും വിഹിതം അടയ്‌ക്കാൻ അനുവാദം നൽകിയിരുന്നു. അത്തരം ആളുകൾക്കാണ് ഹയർ പെൻഷൻ ഓപ്ഷനുള്ളത്. പിഎഫിൽ ശമ്പളത്തിന്റെ പൂർണവിഹിതം അടച്ചവർക്ക് മാത്രമാണ് ഹയർ ഓപ്ഷൻ പെൻഷൻ നൽകാൻ കോടതിവിധി വന്നിട്ടുള്ളത്.ഇപിഎഫിൽ അംഗമായ തൊഴിലാളികൾക്ക് ഇപ്പോഴത്തെ കോൺട്രിബ്യൂട്ടറി വേതന പരിധി 15000 രൂപയാണ്. അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 12 ശതമാനം തൊഴിലാളി വിഹിതവും 13 ശതമാനം തൊഴിലുടമ വിഹിതവുമാണ് ഇപിഎഫിൽ അടയ്‌ക്കേണ്ടത്.ഇപിഎഫ് പെൻഷൻ കണക്കുകൂട്ടുന്നതിനുള്ള മാനദണ്ഡങ്ങൾ പുനരാവിഷ്‌കരിക്കണം. ആകെ സർവ്വീസും അവസാന കാലയളവിലെ 60 മാസത്തിലെ കോൺട്രിബ്യൂട്ടറി ശമ്പളത്തിന്റെ ശരാശരിയും ഗുണിച്ച് കിട്ടുന്ന സംഖ്യയെ 70 കൊണ്ട് ഹരിച്ച് കിട്ടുന്ന സംഖ്യയാണ് പെൻഷൻ.

എംപിമാരായും എംഎൽഎമാരായും രണ്ട് വർഷം പൂർത്തീകരിച്ചവർക്കും പെൻഷന് അർഹതയുണ്ട്. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫായി രണ്ട് വർഷം പ്രവർത്തിച്ചവർക്കും ആജീവനാന്ത പെൻഷൻ നൽകുന്നു. ഒരേ ആളുകൾ തന്നെ എംപി പെൻഷനും എംഎൽഎ പെൻഷനും മറ്റു പെൻഷനുകളും കൈപ്പറ്റുന്ന സാഹചര്യവും ഉണ്ട്.രാജ്യത്തെ 50 കോടിയിൽപരം വരുന്ന തൊഴിലാളികളിൽ നാമമാത്രമായ പെൻഷൻ ഉൾപ്പെടെ ലഭിക്കുന്നതു നാലു കോടി ഇരുപത് ലക്ഷത്തിൽ താഴെയുള്ള ആളുകൾക്കു മാത്രമാണ്. അങ്കണവാടി, ആശാവർക്കർമാർ, മറ്റു സ്‌കീം വർക്കേഴ്‌സ് എന്നിവർക്കും പെൻഷൻ ഇല്ല. കർഷകത്തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, ശുചീകരണത്തൊഴിലാളികൾ, പരമ്പരാഗത തൊഴിൽ മേഖലകളിൽ പണിയെടുക്കുന്നവർ എന്നിവർക്ക് പെൻഷൻ ലഭ്യമല്ല. തൊഴിലാളി എന്ന നിർവ്വചനത്തിൽ വരുന്ന എല്ലാവർക്കും പെൻഷൻ ലഭ്യമാക്കണം.