April 25, 2025, 1:12 pm

പാക്ക് സൈന്യത്തിന്റെ ‘പ്രിയപ്പെട്ട സ്വത്ത് എന്ന് അറിയപ്പെടുന്ന കസൂരി .ലഷ്കറെ തയിബയുടെ ഡപ്യൂട്ടി ചീഫും, പാക് ഭീകരനും ലഷ്കറെ തയിബയുടെ സഹസ്ഥാപകനുമായ ഹാഫിസ് സയീദുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് കസൂരി .പാക്കിസ്ഥാന്റെ പൂർണ പിന്തുണയോടെ പ്രവർത്തിക്കുന്ന കൊടിയ ഭീകരവാദിയാണ് കസൂരി . ജമ്മു കശ്മീരിൽ നേരത്തെയും നടന്ന ഭീകരാക്രമണങ്ങളിൽ കസൂരിക്ക് പങ്കുണ്ടെന്നാണ് വിവരം .വിദ്വേഷ പ്രസംഗത്തിലൂടെ യുവാക്കളുടെ ഇടയിലേക്ക് മതത്തിന്റെ പേരിലുള്ള ദുഷിച്ച ചിന്തകൾ കുത്തി നിറച്ചു അവരെ ഭീകര പ്രവർത്തനം നടത്താൻ പരുവത്തിലാക്കി എടുക്കുകയാണ് കസൂരി ചെയുന്നത് .രണ്ടുമാസം മുൻപ് പാക്കിസ്ഥാൻ സൈന്യത്തിന്റെ ക്ഷണമനുസരിച്ച് പാക്ക് പഞ്ചാബിലെ കങ്കൺപുരിൽ കസൂരി സൈനികർക്കായി പ്രസംഗിച്ചിരുന്നു. പാക്ക് സൈന്യത്തിലെ കേണൽ സാഹിദ് സരീൻ ഘട്ടക്കിന്റെ ക്ഷണമനുസരിച്ചെത്തിയ കസൂരിയെ പൂക്കൾ വർഷിച്ചാണ് സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ സൈനികരെ കൊന്നാൽ ദൈവത്തിൽനിന്നു പ്രതിഫലം കിട്ടുമെന്നതടക്കമുള്ള വിദ്വേഷ പരാമർശങ്ങൾ ഇയാളുടെ പ്രസംഗത്തിലുണ്ടായിരുന്നെന്നും പറയപ്പെടുന്നു.2026 ഫെബ്രുവരി ആവുമ്പോൾ കാശ്മീർ പിടിച്ചെടുക്കാനുള്ള എല്ലാ പ്രവർത്തനം നടത്തണമെന്നും അത് ശക്തമാക്കുമെന്നും കസൂരി പറഞ്ഞിരുന്നു . അതിന്നു തുടക്കം കുറിച്ച് കൊണ്ട് അഴിച്ചു വിട്ട ഒരു ഭീകര അക്രമണത്തിനാണ് നമ്മുടെ നാട് സാക്ഷ്യം വരിച്ചത് . ആബട്ടാബാദിലെ വനാന്തരങ്ങളിൽ കഴിഞ്ഞവർഷം നടന്ന ഭീകരക്യാംപിൽ നൂറുകണക്കിന് പാക്ക് യുവാക്കൾ പരിശീലനം നേടിയിട്ടുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. ലഷ്കറെ തയിബയുടെ രാഷ്ട്രീയശാഖയായ പാക്കിസ്ഥാൻ മർകസി മുസ്ലിം ലീഗ് (പിഎംഎംഎൽ), എസ്എംഎൽ എന്നിവയുടെ നേതൃത്വത്തിൽ നടന്ന പരിശീലനത്തിൽ കസൂരിയും പങ്കെടുത്തിരുന്നു. ഈ ക്യാംപിൽ നിന്നാണ് യുവാക്കളെ ഭീകരപ്രവർത്തനങ്ങൾക്കായി കസൂരി തിരഞ്ഞെടുത്തതും പിന്നീട് ഇരകളെ തിരഞ്ഞുപിടിച്ചു കൊല്ലുന്നതിൽ പരിശീലനം നൽകിയതും.ലഷ്കറെ തയിബയുടെ പെഷാവർ ആസ്ഥാനത്തിന്റെ തലവൻ കൂടിയാണ് കസൂരി. പാക് സെൻട്രൽ പഞ്ചാബ് പ്രവിശ്യയിൽ ലഷ്കറെ തയിബയുടെ മറ്റൊരു രൂപമായ ജമാഅത്ത് ഉദ്ദവയുടെ (ജെയുഡി) കോർഡിനേഷൻ കമ്മിറ്റിയിലും കസൂരി പ്രവർത്തിച്ചിരുന്നു. ജെയുഡിയെ 2016ൽ യുഎസ് ഭീകരവാദപ്പട്ടികയിലും 2009ൽ യുഎൻ ഉപരോധപ്പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം കശ്മീർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ദ് റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ടിആർഎഫ്.ഇന്ത്യക്കെതിരേ ഒളിഞ്ഞും തെളിഞ്ഞും ആക്രമണം അഴിച്ചുവിടുന്ന ലഷ്ക്കറെ തൊയ്ബയുടെ കുബുദ്ധിയാണ് പഹല്‍ഗാമിനെ ചോരക്കളമാക്കിയത്.കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ 2019ല്‍ സജീവമായ സംഘടനയാണിത്. ഇതിനെ നയിക്കുന്നത് ഷെയ്ഖ് സജാദ് ഖുള്‍ എന്ന ഭീകരനാണ്. വിനോദസഞ്ചാരികളെയും ഇതര സംസ്ഥാന തൊഴിലാളികളെയും കശ്മീരി പണ്ഡിറ്റുകളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തുകയാണ് ഈ ഭീകര സംഘടന ചെയ്യുന്നത്. തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന് 2023ല്‍ കേന്ദ്ര സര്‍ക്കാര്‍ സംഘടനയെ നിരോധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഗന്ധേര്‍ബാളില്‍ തുരങ്കപാത നിര്‍മാണത്തിലേര്‍പ്പെട്ട ആറ് ഇതര സംസ്ഥാന തൊഴിലാളികളെ കൊലപ്പെടുത്തിയത് ടിആര്‍എഫ് ആയിരുന്നു. കശ്‌മീർ ഓപറേഷന് തക്കം പാര്‍ത്തിരുന്ന കസൂരി അടക്കമുള്ള ഭീകരര്‍ക്ക് ഏറ്റവും ഒടുവില്‍ പ്രചോദനമായത് പാക് കരസേന മേധാവി ജനറല്‍ അസീം മുനീറിന്‍റെ പ്രകോപന പ്രസംഗമായിരുന്നു. കശ്മീരിനെ പാക്കിസ്ഥാന്‍റെ ജീവനാഡിയെന്ന് വിശേഷിപ്പിച്ച അസിം മുനീര്‍ താഴ്‌വരയില്‍ വെടിയൊച്ച നിലയ്ക്കില്ലെന്ന് റാവല്‍പിണ്ടിയിൽ ഏപ്രില്‍ 18ന് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.