വേനൽ കടുത്തതോടെ സൗദിയിൽ ഉഷ്ണ തരംഗം പ്രകടമായി
വേനൽ കടുത്തതോടെ സൗദിയിൽ ഉഷ്ണ തരംഗം പ്രകടമായി. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ദമാമിൽ വ്യാഴാഴ്ച 50 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് താപനില രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു. കിഴക്കൻ പ്രവിശ്യയിലും റിയാദ് മേഖലയിലും ഉഷ്ണതരംഗം വരും വർഷങ്ങളിലും തുടരാൻ സാധ്യതയുണ്ടെന്നും വേനൽക്കാലത്തിൻ്റെ ആദ്യ പാദത്തിൽ മാത്രമേ താപനില വർധിക്കുകയുള്ളൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എന്നിരുന്നാലും, തെക്കൻ അസീർ, ജിസാൻ പ്രവിശ്യകളിൽ കനത്ത മഴയും മിന്നലും ശക്തമായ കാറ്റും ഉണ്ടാകുമെന്നാണ് പ്രവചനം. അതേ സമയം മക്ക മേഖലയിൽ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ കിഴക്കൻ പ്രവിശ്യയിലും റിയാദിലും കടുത്ത ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും അതിനനുസരിച്ച് ആവശ്യമായ മുന്നറിയിപ്പുകളും ഉപദേശങ്ങളും കേന്ദ്രം നൽകുമെന്നും ഖഹ്താനി പറഞ്ഞു.