April 2, 2025, 4:41 am

അഞ്ചലിൽ വാനും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു; വാൻ ഡ്രൈവര്‍ മരിച്ചു

അഞ്ചൽ – ആയൂർ റൂട്ടിൽ കെഎസ്ആർടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം. വാൻ ഡ്രൈവര്‍ വെളിയം സ്വദേശി ഷിബു മരിച്ചു. 37 വയസായിരുന്നു. അപകടത്തിൽ 40ഓളം പേർക്ക് പരിക്കേറ്റു. അഞ്ചൽ ആയൂർ റോഡിൽ ആയൂർ ഐസ് പ്ലാന്റിന് സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്.പരിക്കേറ്റ യാത്രക്കാരെ വിവിധ ആശുപതികളിലേക്ക് മാറ്റി. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസാണ് വാനുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടത്.

സംഭവം നടന്നതിന് പിന്നാലെ ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാനിലുണ്ടായിരുന്ന മറ്റൊരാൾക്കും സാരമായി പരിക്കേറ്റതായാണ് വിവരം. വാനിൻ്റെ മുൻവശം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.