കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ മൺസൂൺ കേരളത്തിൽ എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വയനാട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള 11 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
നാളെ ഒമ്പത് ജില്ലകളിലും ശനി, ഞായർ ദിവസങ്ങളിൽ 12 ജില്ലകളിലും മഴ പെയ്യുമെന്നാണ് പ്രവചനം. മഴയ്ക്ക് പുറമെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയും കാരണം തെക്കൻ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധന നിരോധനം ഏർപ്പെടുത്തി.