May 18, 2024, 8:25 pm

മതഗ്രന്ഥത്തിന്റെ പേജുകള്‍ കീറിയെന്ന് ആരോപണം; പഞ്ചാബില്‍ 19കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിൻ്റെ പേജുകൾ കീറിക്കളഞ്ഞെന്നാരോപിച്ച് പഞ്ചാബിലെ ഫിറോസ്പൂരിലെ ഗുരുദ്വാരയിൽ 19 കാരനായ യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. ബന്ദല ഗ്രാമത്തിൽ ബക്ഷീഷ് സിംഗ് എന്ന 19 വയസ്സുകാരനെ ജനക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തി. ഗുരുദ്വാര കെട്ടിടത്തിൽ പ്രവേശിച്ച ശേഷം, വിശുദ്ധ ഗ്രന്ഥത്തിൻ്റെ ചില പേജുകൾ കീറിയെന്നാരോപിച്ച് ബക്ഷീഷ് സിംഗിനെ ജനക്കൂട്ടം പിടികൂടി മർദ്ദിച്ചു. എന്നാൽ, ഞായറാഴ്ച രാവിലെ വരെ സംഭവത്തിൽ പോലീസ് കേസെടുത്തില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറയുന്നു.

കൈകൾ പിന്നിൽ കെട്ടിയ നിലയിലായിരുന്നു സിംഗിനെ മർദിച്ചത്. കൈകൾ കെട്ടി ചോരയൊലിപ്പിച്ച് സിംഗ് കിടക്കുന്നതായി കാണിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ക്രൂരമായി മർദിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ബക്ഷീഷ് സിംഗിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സിവിൽ ആശുപത്രിയിലേക്ക് അയച്ചു. പേജുകൾ വലിച്ചുകീറി രക്ഷപ്പെടാൻ ബക്ഷീഷ് ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഗുരുദ്വാരയിൽ തടിച്ചുകൂടിയ നാട്ടുകാർ ഇയാളെ പിടികൂടി ക്രൂരമായി മർദിച്ചതായി പോലീസ് പറഞ്ഞു.