May 9, 2025, 3:29 pm

കടകൾക്ക് ഷട്ടർ വീണിട്ട് മാസങ്ങൾ, റോഡ് വെട്ടിപ്പൊളിക്കാൻ കാണിച്ച വേഗത പണി തീർക്കാനില്ല, തലസ്ഥാനത്ത് ദുരിതം

സെക്രട്ടേറിയറ്റിന് മുന്നിലൂടെ പോകുന്ന, എംജി റോഡിൽ നിന്ന് ജനറൽ ആശുപത്രിയിലേക്ക് നീളുന്ന ഏറെ തിരക്കുള്ള റോഡിൽ ആളനക്കം ഇല്ലാതായിട്ട് മാസങ്ങളായി. റോഡിന് ഇരുവശവുമുള്ള വീടുകൾ, കടകളടക്കം നൂറോളം വ്യാപാര സ്ഥാപനങ്ങൾ, ജനറൽ ആശുപത്രിയിലേക്ക് പോകുന്ന പ്രായമായവര്‍- ആരുടേയും ദുരിതം കണക്കിലെടുക്കാൻ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല.

ഭരണസിരാ കേന്ദ്രത്തിന്റെ മുന്നിൽ നിന്ന് തുടങ്ങുന്നൊരു ചെറിയ റോഡ്. തെരുവ് ചെറുതാണെങ്കിലും അധികം തിരക്കില്ല.സെക്രട്ടറിയേറ്റ്, ജനറൽ ആശുപത്രി, ആരോഗ്യ വകുപ്പ് ‍‍‍ഡയറക്ടർ ഓഫീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ. അണമുറിയാതെ വാഹനങ്ങളും വഴിയാത്രക്കാരും പോയിരുന്ന വഴിയിൽ ഇന്നിറങ്ങിയാൽ അതൊരു ഒന്നൊന്നര യാത്രയാകും.

കടകൾ അനിശ്ചിതകാലത്തേക്ക് അടഞ്ഞുകിടക്കുന്നതിനാൽ വ്യാപാരികൾ കടുത്ത പ്രതിസന്ധിയിലാണ്. മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടിട്ടും വ്യക്തമായ പാതയുണ്ടെന്ന് പറയാൻ പോലും അധികൃതർക്ക് കഴിയുന്നില്ല.റോഡ് ഫണ്ട് കമ്മിറ്റിക്കാണ് നിർമാണച്ചുമതല. 2023ലാണ് നിർമാണം ആരംഭിച്ചത്. റോഡ് പുനരുദ്ധാരണത്തിന് 4047.95 കോടിയാണ് ചെലവ്.