April 28, 2025, 9:21 am

ഗാന്ധിയുടെ സബർമതി ആശ്രമത്തിൻ്റെ മുഖം മിനുക്കാൻ മോദി സർക്കാർ

സത്യാഗ്രഹ ആഘോഷത്തിൻ്റെ 94-ാം വാർഷികമായ മാർച്ച് 12-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സബർമതി ആശ്രമം നവീകരിക്കാനുള്ള മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ ബജറ്റിൽ ആസൂത്രണം ചെയ്ത പദ്ധതിക്ക് 1200 കോടി രൂപയാണ് അനുവദിച്ചത്. മാസ്റ്റർപ്ലാൻ പ്രകാരം അഹമ്മദാബാദിലെ സബർമതി നദീതീരത്തുള്ള ആശ്രമത്തിൻ്റെ അഞ്ചേക്കർ സ്ഥലം 55 ഏക്കറായി വികസിപ്പിക്കും. കൂടാതെ നിലവിലുള്ള 36 കെട്ടിടങ്ങൾ നവീകരിക്കും. ഗാന്ധിയുടെ തത്ത്വചിന്തയും മൂല്യങ്ങളും അടിസ്ഥാനമാക്കിയുള്ള നവീകരണങ്ങളാണ് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആശ്രമഭൂമിയിൽ നിലവിലുള്ള 3700 മരങ്ങൾക്കും കുറ്റിക്കാടുകൾക്കും പുറമെ 3000 മരങ്ങൾ കൂടി നട്ടുപിടിപ്പിക്കും. ഗാന്ധിജിയുടെ പ്രിയപ്പെട്ട വൃക്ഷവും രുദ്രാക്ഷം പോലുള്ള അപൂർവ വൃക്ഷങ്ങളും ഇതിൽ ഉൾപ്പെടുന്നു. 323 തനത് നാട്ടുസസ്യങ്ങളുള്ള ജൈവവൈവിധ്യ മേഖല, താമരക്കുളം, മഴവെള്ള സംഭരണി തടാകം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള ഹാർട്ട്ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ടിനാണ് വനവൽക്കരണത്തിൻ്റെ ചുമതല. ധ്യാനകേന്ദ്രം, ചെടികളുടെ നഴ്സറി, തൈകൾ വിതരണം ചെയ്യുന്നതിനുള്ള സെയിൽസ് ഓഫീസ് എന്നിവയും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.