സംസ്ഥാനത്ത് ഇന്നും നാളെയും ആറ് ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

ഇന്നും നാളെയുമായി ആറ് മേഖലകളിൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കൊല്ലം, കോട്ടയം ജില്ലകളിൽ കൂടിയ താപനില 37 ഡിഗ്രി സെൽഷ്യസും ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പരമാവധി 36 ഡിഗ്രി സെൽഷ്യസും വരെ ഉയരും. ഈ പ്രദേശങ്ങളിലെ അന്തരീക്ഷ ഊഷ്മാവ് സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലായിരിക്കും.
ഈർപ്പം കൂടുതലായതിനാൽ മലയോര പ്രദേശങ്ങളിലൊഴികെ അന്തരീക്ഷത്തിൽ ചൂടും ഈർപ്പവും ഉണ്ടാകാൻ സാധ്യതയുണ്ട്. കടുത്ത ചൂട് സൂര്യാഘാതം, സൂര്യതാപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സ്റ്റേറ്റ് എമർജൻസി മാനേജ്മെൻ്റ് ഏജൻസി അഭ്യർത്ഥിച്ചു.