അടൽ സേതു: സെൽഫി പിഴയായി ഈടാക്കിയത് 12 ലക്ഷം രൂപ, ചുമത്തിയത് 1612 പേർക്ക്, ഒരു മാസത്തെ ടോൾ 14 കോടി രൂപ
ഇന്ത്യയിലെ ഏറ്റവും വലിയ കടൽപ്പാലമായ അടൽ സേതുവിൽ (മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് എംടിഎച്ച്എൽ) വാഹനം നിർത്തി സെൽഫി എടുത്തതിന് 1,612 പേർക്ക് പിഴ ചുമത്തി. പിഴയിനത്തിൽ മാത്രം 12 ലക്ഷത്തിലധികം രൂപ പിരിച്ചെടുത്തു. മുംബൈ പോലീസും നവി മുംബൈ പോലീസും ചേർന്നാണ് പിഴ ചുമത്തിയത്. ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു മാസം പിന്നിട്ടു.
പാലത്തിൽ കാർ നിർത്തി ഫോട്ടോ എടുക്കുന്നവരുടെ എണ്ണം കുറഞ്ഞു. പാലത്തിൽ പാർക്ക് ചെയ്യുന്നതുമൂലമുണ്ടാകുന്ന അപകടങ്ങൾ തടയാൻ പോലീസ് സംഘം പതിവായി പട്രോളിംഗ് നടത്തുകയും പിഴ ഈടാക്കുകയും ചെയ്യുന്നു. നവി മുംബൈ പൊലീസ് 1,387 പേർക്കും മുംബൈ പൊലീസ് 225 പേർക്കും പിഴ ചുമത്തി. നവി മുംബൈ പൊലീസ് 10.99 ലക്ഷം രൂപയും മുംബൈ പൊലീസ് 1.12 ലക്ഷം രൂപയും പിഴ ഈടാക്കി.
ജനുവരി 12 നും ഫെബ്രുവരി 13 നും ഇടയിൽ അടൽ സേതു വഴി 8.13 ദശലക്ഷം വാഹനങ്ങൾ കടന്നുപോയി. ടോൾ ടാക്‌സായി 13.95 കോടി രൂപ ലഭിച്ചു. 7.97 ലക്ഷം വാഹനങ്ങൾ പാസഞ്ചർ കാറുകളായിരുന്നു. പ്രതിദിനം ശരാശരി 27,100 വാഹനങ്ങൾ പാലത്തിലൂടെ കടന്നുപോകുന്നുണ്ടെന്നാണ് കണക്ക്. പ്രതിദിനം 40,000 വാഹനങ്ങൾ റോഡിൽ സഞ്ചരിക്കുമെന്നാണ് കണക്ക്. എന്നാൽ, വാണിജ്യ വാഹനങ്ങൾ പാലത്തിലൂടെ പ്രതീക്ഷിച്ചപോലെ കടന്നുപോകുന്നില്ലെന്ന് അധികൃതർ പറഞ്ഞു. ഭാവിയിൽ പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം വർധിക്കുമെന്നും അധികൃതർ പറഞ്ഞു.