April 27, 2025, 1:39 am

ചിത്രീകരണത്തിനിടെ പരിക്ക്; സിനിമയിൽ നിന്ന് ഇടവേളയെടുത്ത് വിക്കി കൗശൽ

ചിത്രീകരണത്തിനിടെ ബോളിവുഡ് താരം വിക്കി കൗശലിന് പരിക്കേറ്റെന്ന വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. “ചാവ” എന്ന സിനിമയുടെ ആക്ഷൻ സീക്വൻസിൻറെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. വീഴ്ചയിൽ നടൻ്റെ ഇടതുകൈ ഒടിഞ്ഞതിനാൽ കാസ്റ്റിൽ ഇടേണ്ടി വന്നു.

കൈക്ക് പരിക്കേറ്റതിനെ തുടർന്ന് വിക്കി കൗശൽ ഷൂട്ടിംഗിൽ നിന്ന് ഇടവേള എടുത്തിരുന്നു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ അദ്ദേഹം സുഖം പ്രാപിക്കുമെന്നും അതിന് ശേഷം വിക്കിയുടെ വേഷത്തിൻ്റെ ചിത്രീകരണം പുനരാരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്. വിക്കിയുടെ അപകടവിവരം അറിഞ്ഞതിന് പിന്നാലെ നിരവധി പേരാണ് വിക്കിയുടെ സുഖവിവരങ്ങൾ ചോദിച്ച് സന്ദേശങ്ങൾ അയച്ചത്.

ചാവയിൽ രശ്മിക മന്ദാനയാണ് നായിക. ചിത്രത്തിലെ രശ്മികയുടെ വേഷത്തിൻ്റെ ഷൂട്ടിംഗ് പൂർത്തിയായതായി നടി ഇൻസ്റ്റാഗ്രാമിൽ അറിയിച്ചു. വിക്കിയ്‌ക്കൊപ്പമുള്ള ചിത്രത്തിലെ അത്ഭുതകരമായ അനുഭവത്തെക്കുറിച്ചും നടി പറഞ്ഞു. ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലറാണ് ചാവ. ഛത്രപതി ശിവാജി മഹാരാജിൻ്റെ മകൻ ഛത്രപതി സംഭാജി മഹാരാജിൻ്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഛാവ ഒരുക്കിയിരിക്കുന്നത്. വിക്കി കൗശലാണ് സംഭാജി മഹാരാജിൻ്റെ വേഷം ചെയ്യുന്നത്.