മഹാരാജാസ് കോളേജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് നേരെ ഉണ്ടായ വധശ്രമത്തിൽ കൂടുതൽ അറസ്റ്റിന് സാധ്യത
എറണാകുളം മഹാരാജാസ് കൊളേജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയകേസിൽ പ്രതികൾക്കായി തെരച്ചിൽ തുടരുന്നു. കെ.എസ്.യു, ഫ്രട്ടേണിറ്റി പ്രവർത്തകരായ 15 പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. 15 പേരും കെഎസ്‌യു, ഫ്രട്ടേണിറ്റി സംഘടനകളുടെ സജീവ പ്രവർത്തകരാണ്. കേസുമായി ബന്ധപ്പെട്ട് കെ എസ് യു പ്രവർത്തകൻ ഇജിലാലിനെയാണ് പൊലീസ് അവസാനമായി അറസ്റ്റ് ചെയ്തത്.
അതേസമയം, ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കോളേജ് പ്രിൻസിപ്പാളിന്റെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് കോളേജ് അടച്ചിടാൻ തീരുമാനിച്ചത്. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്മാനാണ് കുത്തേറ്റത്. മൂന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥി അബ്ദുൾ മാലിക്കിനെ ഒന്നാംപ്രതി ആക്കിയാണ് കേസ്. കേസിൽ പ്രതിചേർക്കപ്പെട്ട രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ ആശുപത്രി വിട്ടാൽ ഉടനെ അറസ്റ്റ് ചെയ്യാനും പൊലീസ് നീക്കമുണ്ട്.