November 28, 2024, 12:03 am

അധിക ധാന്യം അന്താരാഷ്‌ട്ര വിപണി വരെ എത്തിക്കണമെന്ന് ശോഭ കരന്തലജെ

രാജ്യത്തെ അധിക ധാന്യം അന്താരാഷ്‌ട്ര വിപണി വരെ എത്തിക്കണമെന്ന് കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ സഹമന്ത്രി ശോഭ കരന്തലജെ. ഇന്ത്യയിൽ ജനങ്ങള്‍ക്ക് ആവശ്യമായതിലുമധികം ധാന്യങ്ങളും പച്ചക്കറികളും നമ്മുടെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നും, അധിക ധാന്യം അന്താരാഷ്‌ട്ര വിപണി വരെ എത്തിക്കണമെന്നും കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ സഹമന്ത്രി ശോഭ കരന്തലജെ പറഞ്ഞു. വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ ഭാഗമായി തിരുവനന്തപുരം കിഴക്കേക്കോട്ട പുത്തരിക്കണ്ടം ഇ.കെ. നായനാര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ശോഭ കരന്തലജെ.

കർഷകർക്കും ചെറുകിട കച്ചവടക്കാർക്കും കൈത്താങ്ങാകുന്ന നിരവധി പദ്ധതികൾ കേന്ദ്രം ലഭ്യമാക്കുന്നുണ്ട്. ഇത്തരം പദ്ധതികൾ ഏറ്റവും അവസാനത്തെയാളിൽപ്പോലും എത്തിക്കാനാണ് വികസിത് ഭാരത് സങ്കൽപ്പ് യാത്ര വിഭാവനം ചെയ്തിരിക്കുന്നതെന്നും, അതിനായി കേന്ദ്രസംസ്ഥാന സർക്കാരുകൾ ഒന്നിച്ച് പ്രവർത്തിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 2047 ൽ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാൻ രാജ്യത്തെ ഓരോരുത്തർക്കും ചുമതലകൾ ഉണ്ട്. ഗുണനിലവാരമുള്ള ഭക്ഷ്യധാന്യങ്ങൾ ഉത്പാദിപ്പിക്കുക എന്നതാണ് കർഷകർ ചെയ്യേണ്ടതെങ്കിൽ, കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നു എന്ന് ഉറപ്പാക്കുകയാണ് വീട്ടമ്മമാർ ഇതിനായി ചെയ്യേണ്ടതെന്നും ശോഭ കരന്തലജെ പറഞ്ഞു.

ഇന്ത്യൻ ഓവർസീസ് ബാങ്ക് പവർഹൗസ് റോഡ് ശാഖ സംഘടിപ്പിച്ച ചടങ്ങിൽ, ഉജ്ജ്വല യോജനയ്ക്ക് കീഴിൽ 5 ഗുണഭോക്താക്കൾക്ക് പുതിയ പാചക വാതക കണക്ഷനുകൾ മന്ത്രി നേരിട്ട് വിതരണം ചെയ്തു. വിവിധ പദ്ധതികളുടെ ലോൺ അനുമതി പത്രവും ഗുണഭോക്താക്കൾക്ക് കൈമാറി. പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ & സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി ഐഐഎസ്, ഇന്ത്യൻ ഓവർസീസ് ബാങ്ക് തിരുവനന്തപുരം അസിസ്റ്റന്റ് ജനറൽ മാനേജർ രാജീവ് കുമാർ, ലീഡ് ഡിസ്ട്രിക്ട് ബാങ്ക് മാനേജർ ജയമോഹൻ, ഐഒബി റൂറൽ സെല്‌ഫ് എംപ്ലോയ്മെൻ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ സുജ ബി., കെവികെ പ്രതിനിധി ബിന്ദു കെ. ജോർജ്ജ്, തിരുവനന്തപുരം ഐസിഎആർ കെവികെ മുതിർന്ന ശാസ്ത്രജ്ഞൻ ബിനു സാം ജോൺ തുടങ്ങിയവർ ഇ.കെ. നായനാര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു.

You may have missed