November 27, 2024, 8:09 pm

രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമക്കേസില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് ആണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട അടൂരിലുള്ള രാഹുലിന്റെ വീട്ടില്‍നിന്ന് ഇന്ന് പുലര്‍ച്ചെയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. കേസില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഒന്നാം പ്രതി. നാലാം പ്രതിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.

നവകേരള സദസ്സിനിടെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാരുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ അതിക്രമം നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്ത മാര്‍ച്ച് വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. അക്രമത്തില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയടക്കം പ്രതികളാക്കി കന്റോണ്‍മെന്റ് പോലീസ് കേസെടുക്കുകയായിരുന്നു.

കേസില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആണ് ഒന്നാം പ്രതി. പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ രണ്ടാം പ്രതിയും കോവളം എംഎല്‍എ എം വിന്‍സന്റ് മൂന്നാം പ്രതിയുമാണ്. കണ്ടാലറിയാവുന്ന 500 ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരെ പ്രതിചേര്‍ത്തിട്ടുണ്ട്. ആദ്യം അറസ്റ്റിലാകുന്ന നേതാവാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. നേരത്തെ 24 ഓളം പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. പോലീസ് അറസ്റ്റു ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലെ തിരുവനന്തപുരത്തേക്ക് എത്തിക്കുമെന്നാണ് വിവരം. ഇതിനുശേഷം വിശദമായി ചോദ്യംചെയ്യാനാണ് പോലീസിന്റെ നീക്കം

പൊലീസ് അനുമതിയില്ലാതെ ജാഥ നടത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചെനുമാണ് കേസെടുത്തിരുന്നത്. സംഘംചേര്‍ന്ന് അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ഉദ്യോഗസ്ഥരെ ആക്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

You may have missed