April 4, 2025, 5:12 pm

കലൈഞ്ജർക്കു മുന്നിൽ നാണം കെട്ട് രജനി!

ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരേ ഒരു താരമേ ഉള്ളൂ…തമിഴകം അന്പോടെ തലൈവർ എന്ന് വിളിക്കുന്ന സാക്ഷാൽ രജനികാന്ത്. 1975ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് രജനികാന്ത് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. ശിവാജി റാവു എന്ന പുതുമുഖ നടൻ രജനികാന്ത് ആകുന്നതും ഈ ചിത്രത്തിലൂടെയാണ്. മുത്തുരാമന്‍ സംവിധാനം ചെയ്ത ഭുവന ഒരു കേള്‍വിക്കുറി(1977) എന്ന ചിത്രത്തിലെ വേഷം രജനിയെ സിനിമാരംഗത്ത് പ്രശസ്തനാക്കി.

എഴുപതുകളുടെ അവസാന ഘട്ടത്തില്‍ കമലഹാസന്‍ നായകനായ ചിത്രങ്ങളില്‍ വില്ലന്‍ വേഷമായിരുന്നു രജനിക്ക് ലഭിച്ചിരുന്നത്. 1980കളാണ് രജനിയുടെ അഭിനയ ജീവിതത്തിൽ ഹിറ്റുകളുടെ കാലമായിരുന്നു. ഇപ്പോഴിതാ കലൈഞ്ജര്‍ 100 എന്ന പരപാടി യില്‍ രജിനികാന്ത് സംസാരിച്ച കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. കലൈഞ്ജര്‍ 100 എന്ന പരപാടി ഇന്നലെ ചെന്നൈയില്‍ വച്ച് നടന്നിരുന്നു. രജിനികാന്ത്, കമല്‍ ഹാസന്‍, സൂര്യ, ധനുഷ് തുടങ്ങിയ തമിഴകത്തെ പ്രമുഖരെല്ലാം പങ്കെടുത്തിരുന്നു. അതിനിടെ തലൈവർ പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്.

കലൈഞ്ജറുടെ അടുത്ത സുഹൃത്ത് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രജിനികാന്ത് ആയിരുന്നു നായകന്‍. നമ്മുടെ സിനിമയ്ക്ക് വേണ്ടി കലൈഞ്ജര്‍ ഡയലോഗ് എഴുതുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍, അദ്ദേഹത്തിന്റെ ഡയലോഗ് പറയാന്‍ വളരെ ബുദ്ധിമുട്ടാണ്, എനിക്ക് അതിന് കഴിയില്ല എന്ന് രജിനി നിര്‍മാതാവിനോട് പറഞ്ഞിരുന്നു. അക്കാര്യം കലൈഞ്ജറോട് പറയാന്‍ എനിക്ക് സാധിക്കില്ല എന്ന് നിര്‍മാതാവ് പറഞ്ഞപ്പോള്‍, വേണ്ട ഞാന്‍ തന്നെ പറഞ്ഞോളാം എന്ന് രജനികാന്ത് പറഞ്ഞു.

“കലൈഞ്ജറുടെ വീട്ടില്‍ പോയി, നിങ്ങളെഴുതുന്ന ഡയലോഗ് പറയാന്‍ പ്രയാസമാണ്, എനിക്കത് പറയാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല എന്ന് ഞാൻ പറഞ്ഞു. അപ്പോള്‍ തന്നെ കലൈഞ്ജര്‍, എന്നെ അവിടെ നിര്‍ത്തി നിര്‍മാതാവിനെ വിളിച്ച്, ‘രജിനിയ്ക്ക് എന്റെ ഡയലോഗുകള്‍ പറയാന്‍ പറ്റില്ല എന്ന് പറഞ്ഞു, അയാള്‍ക്ക് സൗകര്യമുള്ളത് പോലെ ഞാന്‍ എഴുതാം. പക്ഷെ ഈ സിനിമയില്‍ പറ്റില്ലല്ലോ. അടുത്ത സിനിമയില്‍ നോക്കാം. ഇതെഴുതാന്‍ നിങ്ങള്‍ മറ്റാരോടെങ്കിലും ആവശ്യപ്പെടൂ’ എന്ന് പറഞ്ഞു. കേട്ട് നിന്ന താന്‍ ശരിക്കും ചൂളിപ്പോയി. അദ്ദേഹം എന്നെ നോക്കി ഒന്ന് ചിരിക്കുക മാത്രമേ ചെയ്തുള്ളൂ” എന്നാണ് രജിനികാന്ത് പറഞ്ഞത്.

മറ്റൊരിക്കൽ രജനികാന്തിന്റെ ഒരു സിനിമയുടെ പ്രവ്യു ഷോ അതിന്റെ അണിയറപ്രവര്‍ത്തകര്‍ കലൈഞ്ജര്‍ക്ക് വേണ്ടി സംഘടിപ്പിച്ചു. ആ സമയത്ത് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടായിരുന്നു. വോട്ട് ചെയ്ത് പുറത്തിറങ്ങിയ രജനിയോട് ആര്‍ക്കാണ് വോട്ട് രേഖപ്പെടുത്തിയത് എന്ന് പുറത്തുനിന്നിരുന്നവർ ചോദിച്ചപ്പോള്‍ ഇരട്ട ഇലയ്ക്ക് (ജയലളിതയുടെ കക്ഷിയാണ് ഇരട്ടയില) എന്ന് പറഞ്ഞു. അത് വലിയ വാര്‍ത്തയാകുകയും ചെയ്തു. അന്ന് ജയലളിത- കലൈഞ്ജര്‍ പോര് മുറുകുന്ന സമയമാണ്. അത് കഴിഞ്ഞ് താരത്തിന്ന് നേരെ പോകേണ്ടയിരുന്നത് കലൈഞ്ജര്‍ക്ക് വേണ്ടി സംഘടിപ്പിച്ച തന്റെ സിനിമയുടെ പ്രിവ്യു ഷോയ്ക്കാണ്.

എങ്ങനെ കലൈഞ്ജറെ അഭിമുഖീകരിക്കും എന്നറിയാതെ, തനിക്ക് ജലദോഷമാണെന്ന് പറഞ്ഞ് രജിനികാന്ത് പ്രിവ്യു ഷോയ്ക്ക് പോകാതിരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പോകാതെ തരമില്ല എന്ന് വന്നപ്പോള്‍ രജിനി തിയേറ്ററിലെത്തി. രജനിയെ കണ്ടതും, ‘എന്താടോ തനിക്ക് ജലദോഷവും പനിയുമാണെന്ന് കേട്ടു, സാരമില്ല തീയുടെ അടുത്തിരുന്നാല്‍ മാറിക്കോളും’ എന്ന് പറഞ്ഞ് കലൈഞ്ജര്‍ രജനിയെ പിടിച്ച് തന്റെ അടുത്തിരുത്തി. അവിടെയും രജിനികാന്ത് അദ്ദേഹത്തിന് മുന്നിൽ നാണം കെടേണ്ടി വന്നുവെന്നാണ് താരം പറഞ്ഞത്.