November 28, 2024, 12:03 am

ബോക്സ്ഓഫീസ് കിംഗ് വിജയ്! പരാജയത്തിലും കോടികളുടെ നേട്ടം

ഒന്നും രണ്ടുമല്ല കഴിഞ്ഞ ഏഴ് വിജയ് സിനിമകളുടെയും ബോക്‌സോഫീസ് കളക്ഷന്‍ 200 കോടിയ്ക്ക് മുകളിലാണ്. പരാജയപ്പെട്ട സിനിമകള്‍ക്ക് പോലും കോടികളുടെ നേട്ടമാണ് ആ നടൻ ഉണ്ടാക്കിയത്. മികച്ച കലാമൂല്യമുള്ള സിനിമകൾ കൊണ്ട് മികച്ച നടൻ എന്ന് പറയിപ്പിക്കുവാൻ ആയിരുന്നില്ല മറിച്ച് ആരാധകരുടെ ഇഷ്ടത്തിന് ഇണങ്ങിയ കഥാപാത്രങ്ങളും സിനിമകളും ചെയ്യാനാണ് തമിഴകത്തിന്റെ ഇളയ ദളപതി എന്നും ശ്രമിച്ചത്. ദേശീയ പുരസ്‌കാരമൊന്നും എനിക്ക് വേണ്ട, എനിക്ക് മക്കളുടെ മനസ്സിലുള്ള ഇടം മതി എന്ന് പറഞ്ഞ നടനാണ് വിജയ്.

ബോക്‌സോഫീസ് മാത്രം ലക്ഷ്യം വയ്ക്കുന്ന സിനിമകള്‍ ചെയ്യുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ലക്ഷ്യം വയ്ക്കുന്നത് ബോക്‌സോഫീസ് അല്ല, എന്നെ വളര്‍ത്തിയ ജനങ്ങളെയാണെന്നായിരുന്നു വിജയ് യുടെ മറുപടി. തന്റെ സിനിമകള്‍ കാണാന്‍ വരുന്നവര്‍ ആഗ്രഹിക്കുന്ന വിധം മാസും ക്ലാസുമാവാനാണ് ഞാന്‍ ശ്രദ്ധിയ്ക്കുന്നത്, അതിന്റെ പരാജയവും അവര്‍ നല്‍കുന്ന വിധിയാണെന്ന് ഞാന്‍ അംഗീകരിക്കുമെന്നും വിജയ് പറഞ്ഞിരുന്നു. തമിഴകത്തിന്റെ മനസ്സ് തൊട്ടറിഞ്ഞ നടനെ തമിഴകം പിന്നീട് ഒരിക്കലും കൈവിട്ടിട്ടില്ല.

ബോക്സോഫീസ് രാജാക്കന്മാർ അരങ്ങുവാഴുന്ന സിനിമ ഇൻഡസ്ട്രിയിലേക്കുള്ള വിജയിയുടെ കടന്നുവരവ് വളരെ പെട്ടന്നായിരുന്നു. 2017 മുതൽ ഇങ്ങോട്ട് തിരിഞ്ഞു നോട്ടമില്ലാത്ത കുതിപ്പായിരുന്നു വിജയി എന്ന സൂപ്പർസ്റ്റാറിന്. മെര്‍സല്‍ മുതല്‍ രാജയമെന്ന് വിധിയെഴുതിയ സര്‍ക്കാര്‍, ബീസ്റ്റ്, വാരിസ് തുടങ്ങിയ സിനിമകൾ വരെ കോടികളാണ് ബോസ്‌ഓഫീസിൽ വാരികൂട്ടിയത്. കൊവിഡ് പ്രതിസന്ധിക്കിടയിൽ ഇടയില്‍ റിലീസായ മാസ്റ്റര്‍ എന്ന സിനിമ നേടിയത് 223 കോടി രൂപയാണ്.

വന്‍ ഹൈപ്പിൽ റിലീസായ ബീസ്റ്റ് എന്ന ചിത്രവും, വാരിസ് എന്ന ചിത്രവും പ്രേക്ഷക പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. എങ്കിലും ബീസ്റ്റ് 216 കോടിയും വാരിസ് 297 കോടിയും നേടി. ഏറ്റവും ഒടുവിൽ ഇറങ്ങിയ വിജയ് ചിത്രം ലിയോയുടെ വേള്‍ഡ് വൈല്‍ഡ് കളക്ഷന്‍ 623 കോടിയാണ്.

You may have missed