November 27, 2024, 11:15 pm

2024- ലെ മലയാളത്തിന്റെ ചില ബ്രഹ്‌മാണ്ഡസിനിമകൾ

മലയാളികളായ സിനിമാ പ്രേമികൾ ഒന്നടങ്കം ഈ 2024 നെ ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത് . ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമക്ക് മാറ്റു കൂട്ടുന്ന ഒരുപിടി സൂപ്പർ ഡ്യൂപ്പർ ചിത്രങ്ങളാകാൻ കെൽപ്പുള്ള വിവിധ ജോണറുകളിൽ ഒരുങ്ങുന്ന സിനിമകൾ . മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്, ഹോം എന്ന സിനിമയ്ക്ക് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ, ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന അജയൻറെ രണ്ടാം മോഷണം എന്നീ ചിത്രങ്ങൾ അടക്കം ഗംഭീര ലൈനപ്പാണ് മലയാള സിനിമ അടുത്ത വർഷം പ്രേക്ഷകർക്കായി കാത്തുവച്ചിരിക്കുന്നത്. നമ്മുടെ മലയാള സിനിമ ഇന്നുവരെ കണ്ടതിൽവച്ച് ഏറ്റവും വലിയ ചിത്രങ്ങൾ വരുന്ന വർഷം കൂടിയാണ് 2024. വെർച്വൽ പ്രൊഡക്ഷനും, 3 ഡി സാങ്കേതികവിദ്യയുമെല്ലാം സമന്വയിപ്പിച്ച് മലയാള സിനിമ ഇന്നുവരെ കാണാത്ത രീതിയിലുള്ള മേക്കിങും ബഡ്ജറ്റും ഉപയോഗിച്ചുകൊണ്ട് സാങ്കേതിക വിദ്യയിലും നിർമാണ രീതിയിലും പുതിയ പരീക്ഷണങ്ങളുമായി മലയാള സിനിമയുടെ ഭാവിതന്നെ മാറ്റാൻ കഴിയുന്ന മൂന്ന് സിനിമകളാണ് ഇവ.

മോഹൻലാൽ സംവിധാനം ചെയ്യുന്നു എന്നതിലൂടെതന്നെ വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണ് ബറോസ്. 3 ഡി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കുന്ന ചിത്രം ബറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ജിജോ പുന്നൂസാണ് ചിത്രത്തിന്റെ പ്രാഥമിക തിരക്കഥ എഴുതിയിരിക്കുന്നത്. ഫാന്റസി ജേണറിലൊരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലാണ് നായകനാവുന്നത്. നിധി കാക്കുന്ന ഭൂതമായിട്ടാണ് മോഹൻലാൽ ചിത്രത്തിൽ എത്തുക.

ടൊവിനോ തോമസ് മൂന്ന് വ്യത്യസ്ത റോളുകളിൽ എത്തുന്നുവെന്നതാണ് അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിൽ മൂന്ന് വ്യത്യസ്ത കാലഘട്ടത്തിലെ മൂന്ന് കഥാപാത്രങ്ങളായിട്ടാണ് ടൊവിനോ എത്തുന്നത്.
ഫാന്റസി പീരീഡ് ഴോണറിൽ ഒരുങ്ങുന്ന ചിത്രം നവാഗതനായ ജിതിൻ ലാൽ ആണ് സംവിധാനം ചെയ്യുന്നത്. പൂർണമായും 3ഡിയിൽ ചിത്രീകരിച്ച സിനിമ അഞ്ചു ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്. മാജിക് ഫ്രെയിംസ് ,യുജിഎം പ്രൊഡക്ഷൻസ്, എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ്, എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.തെന്നിന്ത്യൻ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ.

മൂന്ന് വർഷത്തോളം മറ്റൊരു സിനിമയും ഏറ്റെടുക്കാതെ ഒരു നടൻ പൂർണമായി ഒരു സിനിമയ്ക്ക് വേണ്ടി മാറ്റിവയ്ക്കുക. ഹോളിവുഡ് സിനിമകളിൽ കണ്ടുവരുന്ന വെർച്വൽ പ്രൊഡക്ഷൻ രീതിയിൽ ചിത്രീകരിക്കുകയും ഈ ചിത്രീകരണത്തിനായി ഇന്ത്യയിലെതന്നെ ആദ്യത്തെ വെർച്വൽ പ്രൊഡക്ഷൻ സ്റ്റുഡിയോ ആരംഭിക്കുകയും ചെയ്യുക. മലയാള സിനിമയ്ക്ക് സ്വപ്‌ന തുല്യമായ കാര്യങ്ങളാണ് കത്തനാർ എന്ന ചിത്രത്തിലൂടെ സംഭവിക്കുന്നത്. ജയസൂര്യയുടെ കരിയറിലെതന്നെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാണ് കത്തനാർ. പീരിയോഡിക് ഫാന്റസി ഹൊറർ ത്രില്ലർ ഴോണറിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോജിൻ തോമസ് ആണ്. നിരവധി നാളത്തെ ഗവേഷണത്തിനൊടുവിൽ ഡോ. ആർ രാമാനന്ദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനുഷ്‌ക ഷെട്ടി ആദ്യമായി മലയാളത്തിൽ എത്തുന്ന ചിത്രം നിർമിക്കുന്നത് ഗോകുലം സിനിമാസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം 2024 ൽ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ പദ്ധതി. വെർച്വൽ പ്രൊഡക്ഷൻ ടെക്‌നോളജി ഉപയോഗിച്ച് 45,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു കസ്റ്റം-ബിൽഡ് സ്റ്റുഡിയോയിലാണ് കത്തനാരിന്റെ ചിത്രീകരണം പൂർണമായി നടന്നത്.

You may have missed