April 20, 2025, 8:26 am

കർണാടകയിൽ പൂട്ടിയിട്ട വീട്ടിനുള്ളിൽ ഒരേ കുടുംബത്തിലെ 5 പേരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി

കർണാടകയിൽ ദുരൂഹസാഹചര്യത്തിൽ 5 പേരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. ചിത്രദു‍ർഗ ജില്ലയിലെ ചല്ലകരെ ഗേറ്റിന് സമീപമുള്ള വീട്ടിലാണ് അഞ്ച് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. ജഗന്നാഥ് റെഡ്ഡി (85), ഭാര്യ പ്രേമ (80), മക്കളായ ത്രിവേണി (62), കൃഷ്ണ (60), നരേന്ദ്ര (57) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

2019 മുതൽ വീട് പൂട്ടിക്കിടക്കുകയായിരുന്നെന്നും വീട്ടിലുള്ളവർ പുറത്തുള്ളവരുമായി അധികം സംസാരിക്കാറില്ലെന്നും അയൽവാസികൾ പറയുന്നു. നാല് അസ്ഥികൂടങ്ങൾ കണ്ടത് ഒരു മുറിയിലാണ്.പൊലീസ് സ്ഥലത്തെത്തിയപ്പോൾ, നാല് അസ്ഥികൂടങ്ങൾ ഒരു മുറിയിലും ഒരെണ്ണം മറ്റൊരു മുറിയിലുമായിരുന്നു. ഒരു മുറിയിലുണ്ടായിരുന്ന അസ്ഥികൂടങ്ങളിൽ രണ്ടെണ്ണം കട്ടിലിലും രണ്ടെണ്ണം നിലത്തുമായിരുന്നു കാണപ്പെട്ടത്. മൃതദേഹങ്ങൾ ഉള്ള മുറിയിൽ കന്നഡയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മൂന്നരക്കൊല്ലമായിട്ടും ഇവർ മരിച്ചത് പുറത്തറിഞ്ഞില്ല എന്ന അയൽവാസികളുടെ വാദം പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. ബന്ധുക്കളുടെയും പരിചയക്കാരുടെയും മൊഴി അനുസരിച്ച് പ്രായമായ ദമ്പതികളും, അവരുടെ പ്രായമായ മകനും, മകളും, ചെറുമകനും ആണ് മരിച്ചത്.