April 6, 2025, 1:35 am

ആക്ഷേപ ഹാസ്യ രാഷ്ട്രീയ കോമാളി ചിത്രത്തിന് വേണ്ട എല്ലാവിഭവങ്ങളും….

ചക്കകുഴയും പോലെ കുഴയുക എന്നത് മദ്ധ്യകേരളത്തിലെ ഒരു പഴയ പ്രയോഗമാണ്. എല്ലാംകൂടി കൂട്ടിക്കുഴച്ച്‌ ആകെ കുളമാക്കുന്ന സാഹചര്യം വിശേഷിപ്പിക്കാനാണ് ഈ ചൊല്ല് ഉപയോഗിക്കുന്നത്.സംസ്ഥാനത്ത് കഴിഞ്ഞ കുറെ ദിവസങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസനങ്ങള്‍ ഏതാണ്ട് ഇതിന് സമാനമാണ്. ആദ്യകാല തട്ടിക്കൂട്ട് പ്രിയദര്‍ശൻ സിനിമകളുടെ ഒരു പ്ളാറ്റ് ഫോമിലാണ് സംഭവങ്ങളുടെ പോക്ക്. ഒരു ആക്ഷേപ ഹാസ്യ രാഷ്ട്രീയ കോമാളി ചിത്രത്തിന് വേണ്ട എല്ലാവിഭവങ്ങളും ഇതിലുണ്ട്. അനുനിമിഷം ട്വിസ്റ്രുകളുണ്ടാവുന്നു എന്നതാണ് ഈ സിനിമയുടെ കഥാഗതി. അനേകം കഥാപാത്രങ്ങളുണ്ട്, മിക്കവരും നായകന്മാരാണ്, നായകന്മാരെല്ലാംകേരള ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനും കേരള സര്‍ക്കാരും തമ്മിലുള്ള ചക്കളത്തില്‍ പോര് തുടങ്ങിയിട്ട് കുറെനാളുകളായി. ചില വിഷയങ്ങള്‍ വരുമ്ബോള്‍ രണ്ടുകൂട്ടരും തമ്മില്‍ തെറ്രും. പിന്നെ മുണ്ടാനും പറയാനും ഇരുവരും നില്‍ക്കില്ല. കഥകളിവേഷക്കാരെ പോലെ കവിളും വീര്‍പ്പിച്ച്‌ കുറെ ദിവസം നടക്കും. പിന്നീട് ഒരു സുപ്രഭാതത്തില്‍ രണ്ട്കൂട്ടരും ചക്കരയും തേങ്ങയുമായി മാറുകയും ചെയ്യും. കേരളത്തിലെ വിഡ്ഢികൂശ്മാണ്ഡങ്ങളായ ജനങ്ങള്‍ ഇതെല്ലാം കണ്ടു നിസംഗഭവത്തില്‍ അവാര്‍ഡ് സിനിമയിലെ അഭിനേതാക്കളാവും. പക്ഷെ കാര്യമെന്തെന്നറിയില്ല, അടുത്തകാലത്ത് രണ്ട് കൂട്ടരും അല്‍പ്പം അകല്‍ച്ചയിലായി. ‘വേവുവോളം ഇരുന്നിട്ടും വെന്തകാച്ചില്‍ കിട്ടാത്ത’ നിരാശാ ബോധത്തിലായപോലെ . നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവച്ചും പലവിധ ഒളിയമ്ബുകളെയ്തും കിട്ടുന്ന അവസരങ്ങളിലെല്ലാം ഗവര്‍ണര്‍ സര്‍ക്കാരിനെ കൊട്ടിക്കൊണ്ടിരുന്നു. ഫെഡറല്‍ സംവിധാനത്തിന്റെ സാങ്കേതികതകള്‍ നന്നായി അറിയാവുന്ന മുഖ്യമന്ത്രി അത്യാവശ്യം വേണ്ട മുൻകരുതലുകളെടുത്തുകൊണ്ട് തനിക്കാവും വിധം ഗവര്‍ണര്‍ക്ക് മറുകൊട്ടു കൊടുത്തുകൊണ്ടുമിരുന്നു. ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കോമഡി കഥാപാത്രങ്ങളുമാണ്.ഗവര്‍ണര്‍ ഉന്നയിക്കുന്ന ഓരോ വിഷയത്തിനും അളന്ന് തൂക്കി നിയമത്തിന്റെയും ചട്ടങ്ങളുടെയും മേമ്ബൊടി പുരട്ടി മറുപടി നല്‍കാൻ ഒരുവശത്ത് പി.രാജീവ് മന്ത്രിഭടൻ. സരസ്വതീദേവി പൂണ്ട് വിളയാടുന്ന നീളൻ നാക്കിന്റെ കരുത്തും മുട്ടാപ്പോക്കുമായി വി.ശിവൻകുട്ടി മന്ത്രി മറുവശത്ത്. സി.പി.എം ന്യായീകരണ സെല്ലിന്റെ പ്രഥമനും പ്രധാനിയുമായ വ്യക്താവും താത്വികാചാര്യനുമായ എം.വി.ഗോവിന്ദൻ വേറൊരു വഴിക്ക്. കഥകളിലിങ്ങനെ പലതും പറയും അതുകേട്ടാരും പരിഭവമരുതേ എന്ന മട്ടില്‍ പുത്തൻ അറിവുകള്‍ കേരള ജനതയ്ക്ക് സമ്മാനിക്കുന്ന ഇൻഡിഗോ ഫെയിം ജയരാജൻ നമ്ബ്യാര്‍ ഇതിനെല്ലാം പുറമെ. അങ്ങനെ മാന്തിയും ചൊറിഞ്ഞും ഗവര്‍ണറും കേരള സര്‍ക്കാരും വച്ചടി മുന്നേറുന്നതിനിടയിലാണ് ലോക് സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടും കേരളത്തില്‍ മൂന്നാമതും ഇടതുഭരണത്തിന്റെ തുടര്‍ച്ച എന്ന സ്വപ്നം മനസില്‍ താലോലിച്ചും സര്‍ക്കാരിന്റെ നവകേരള സദസ് എത്തുന്നത്.കണ്ണൂര്‍ കളരികളില്‍ വെട്ടും തടയും പഠിച്ചവരും കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ തിരുമ്മിലും മര്‍മ്മത്തിലും പ്രാവീണ്യം നേടിയവരുമായ സഖാക്കളുടെ അകമ്ബടിയിലാണ് നവകേരള സദസിന് വേണ്ടിയുള്ള ആഡംബര രഹിതമായ ബെൻസ് ബസിന്റെ ചക്രങ്ങള്‍ ഉരുണ്ടു തുടങ്ങിയത്. അതോടെ കുറെ കെ.എസ്.യുക്കാരും യൂത്തന്മാരും കരിങ്കൊടിയും കൈയ്യിലെടുത്ത് റോഡിലേക്കുമിറങ്ങി. വേണ്ടത്ര മര്‍മ്മാണികള്‍ മുഖ്യമന്ത്രിക്കും സംഘത്തിനുമൊപ്പമുള്ളതിനാല്‍ ഈ ‘ആത്മഹത്യാ സ്ക്വാഡുകളു’ടെ ജീവൻ രക്ഷിക്കാൻ കഴിയുന്നു. തുടക്ക ജില്ലകളില്‍ ഡി.വൈ.എഫ് ക്കാരാണ് ആത്മഹത്യാ സ്ക്വാഡുകാരെ കൈകാര്യം ചെയ്തതെങ്കില്‍ പിന്നെപ്പിന്നെ പൊലീസും ഈ ദൗത്യം ഏറ്റെടുത്തു തുടങ്ങി. ആലപ്പുഴയില്‍ കെ.എസ്.യുവിന്റെ ജില്ലാ ഭാരവാഹികളെ ജനറല്‍ ആശുപത്രിക്ക് സമീപം വളഞ്ഞിട്ടാണ് പൊലീസ് ജീവൻ രക്ഷിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാനുള്‍പ്പെടെയുള്ളവര്‍ കാറില്‍ സഞ്ചരിച്ചത്. യൂണിഫോം പോലും ധരിക്കാത്ത ഗണ്‍മാൻ ബാധകേറിയപോലെയാണ് കാറില്‍ നിന്നിറങ്ങി വന്ന് എവിടെ നിന്നോ കിട്ടിയ ലാത്തി ഉപയോഗിച്ച്‌ കെ.എസ്.യുക്കാരെ തല്ലിയത്.