November 28, 2024, 12:07 pm

പഠനം പൂർത്തിയാക്കാൻ അനുവദിക്കണം ; റുവൈസിന്റെ ജാമ്യാപേക്ഷ എതിർത്ത് പ്രോസിക്യൂഷൻ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിനി ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത കേസിൽ റുവൈസിന്റെ ജാമ്യാപേക്ഷ എതിർത്ത് പ്രോസിക്യൂഷൻ. പഠനം പൂർത്തിയാക്കാൻ അനുവദിക്കണമെന്നും ജാമ്യത്തിനായി ഏത് വ്യവസ്ഥകളും അംഗീകരിക്കാമെന്നും റുവൈസ് കോടതിയെ അറിയിച്ചു. കേസിൽ നിർണ്ണായക നിരീക്ഷണങ്ങൾ നടത്തിയ കോടതി ജാമ്യഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി. ഇന്ന് ഹർജി പരിഗണിക്കവേ റുവൈസിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി ആവശ്യമുന്നയിച്ചു. എന്നാൽ പഠനം പൂർത്തിയാക്കാൻ അനുവദിക്കണമെന്നും ജാമ്യത്തിനായി ഏത് വ്യവസ്ഥകളും അംഗീകരിക്കാമെന്നും റുവൈസ് കോടതിയെ അറിയിച്ചു. പിതാവിനെ ചോദ്യം ചെയ്തിട്ടും അന്വേഷണ സംഘത്തിന് ഒന്നും കണ്ടെത്താനായില്ലെന്നും റുവൈസ് പറഞ്ഞു. ഷഹനയുടെ ആത്മഹത്യയിൽ പങ്കില്ലെന്നും മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്നുമാണ് റുവൈസ് ജാമ്യ ഹർജിയിൽ ആരോപിച്ചിരുന്നത്. പൊലീസിനെ വിമർശിച്ചതിന്റെ പ്രതികാരമാണ് തന്റെ അറസ്റ്റെന്നും കോടതിയിൽ റുവൈസിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. പഠനത്തിന് ശേഷം വിവാഹം നടത്താനാണ് തീരുമാനിച്ചതെന്നും എന്നാൽ വിവാഹം വേഗം വേണമെന്ന് ഷഹന നിർബന്ധിച്ചിരുന്നതായും റുവൈസിന്റെ ജാമ്യാപേക്ഷയിലുണ്ട്.

ഇതിനിടെ ഷഹനയുടെ ആത്മഹത്യാക്കുറിപ്പ് വായിക്കുമ്പോൾ രണ്ട് കാര്യങ്ങളാണ് മനസിലാക്കുന്നതെന്ന് നിരീക്ഷിച്ച ഹൈക്കോടതി ഷഹനയുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് റുവൈസിന് അറിയാമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. ഷഹനയുടെ വീട്ടിൽ റുവൈസിന്റെ കുടുംബം എത്തിയപ്പോൾ സാമ്പത്തിക കാര്യങ്ങൾ ചർച്ച നടന്നതിന് സാക്ഷികളുണ്ട്. ജീവനൊടുക്കിയ ദിവസം ഷഹന റുവൈസിനെ ബന്ധപ്പെടാൻ ശ്രമിച്ചതിനും തെളിവുള്ളതായി കോടതി ചൂണ്ടിക്കാട്ടി.

You may have missed