പാർലമെന്റിൽ ‘പുറത്താക്കൽ’ തുടരുന്നു തോമസ് ചാഴിക്കാടനും ആരിഫിനും സസ്‌പെൻഷൻ
പാർലമെന്റിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാർക്ക് നേരെയുള്ള പുറത്താക്കൽ നടപടി തുടരുന്നു. 141 എംപിമാരെ പുറത്താക്കിയതിന് പിന്നാലെ ഇന്ന് ലോക്‌സഭയിൽ രണ്ട് പേരെ കൂടി സസ്‌പെൻഡ് ചെയ്തു. കേരളത്തിൽ നിന്നുള്ള എംപിമാരായ തോമസ് ചാഴിക്കാടനേയും എ.എം.ആരിഫിനേയുമാണ് ഒടുവിലായി സസ്‌പെൻഡ് ചെയ്തത്. പ്ലക്കാർഡ് പിടിക്കുകയും സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തതായി ആരോപിച്ചാണ് ഇരുവർക്കുമെതിരേ നടപടിയെടുത്തത്. രാജ്യത്തെ പാർലമെന്റ് ചരിത്രത്തിലെ ഏറ്റവും വലിയ ‘പുറത്താക്കൽ’ പരമ്പരയ്ക്കാണ് പാർലമെന്റിന്റെ പുതിയമന്ദിരം സാക്ഷ്യം വഹിക്കുന്നത്. പാർലമെന്റിലെ സുരക്ഷാവീഴ്ചയെക്കുറിച്ച് പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം തുടർച്ചയായ ആറുദിവസങ്ങളിലായി നടത്തുന്ന പ്രതിഷേധങ്ങൾക്കിടയിലാണ് കൂട്ടസസ്‌പെൻഷൻ നടപടി. ഇതുവരെ 143 എംപിമാരെയാണ് ഇരുസഭകളിൽ നിന്നുമായി സസ്‌പെൻഡ് ചെയ്തത്. പുറത്താക്കൽ പരമ്പരയ്ക്കിടെ കേരളത്തിൽ നിന്നുള്ള നാല് എംപിമാർ മാത്രമാണ് ഇനി രാജ്യസഭയിലും ലോക്‌സഭയിലുമായി ബാക്കിയുള്ളത്.