November 28, 2024, 2:56 am

‘ആശങ്കയുടെ ആവശ്യമില്ല, കൊവിഡ് നിരീക്ഷണം ശക്തമാക്കണം ; രാജ്യത്ത് 21 പേർക്ക് JN.1 സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ വിളിച്ച അടിയന്തര യോഗം അവസാനിച്ചു. കൊവിഡ് നിരീക്ഷണം ശക്തമാക്കണം എന്ന് കേന്ദ്രം അറിയിച്ചു. ആശുപത്രികളിൽ മൂന്നുമാസം കൂടുമ്പോൾ മോക്ക് ഡ്രിലുകൾ നടത്തണം. ഇപ്പോൾ ആശങ്കയുടെ ആവശ്യമില്ലെന്നും കേന്ദ്രം അറിയിച്ചു. അതേസമയം കൊവിഡ് ഉപവകഭേദമായ JN.1 രാജ്യത്ത് 21 പേർക്ക് ഇതുവരെ സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തത് ഗോവയിലാണ്. കേരളം കൂടാതെ മഹാരാഷ്ട്രയിലും JN .1 റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിൽ കൂടി ഗർഭിണികളും പ്രായമായവരും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. നിലവിൽ പടർന്ന് പിടിക്കുന്നത് ഒമിക്രോൺ BA.2.86 അഥവാ പൈറോളയുടെ ഉപവകഭേദമായ JN.1 ആണ്. 79 വയസുകാരിയെ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് JN.1 സ്ഥിരീകരിക്കുന്നത്. നവംബർ 18ന് ആർടി-പിസിആർ പോസിറ്റീവ് ആവുകയും ഡിസംബർ 8ന് JN.1 ഉപവകഭേദമാണെന്ന് തിരിച്ചറിയുകയും ചെയ്തു. JN.1 വകഭേദത്തിന് വ്യാപന ശേഷി കൂടുതലും, രോഗപ്രതിരോധ ശേഷിയെ തകിടം മറിക്കാനുള്ള പ്രാപ്തി അധികവുമാണെന്ന് നാഷ്ണൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് കോ-ചെയർമാൻ പറയുന്നു. അതുകൊണ്ട് തന്നെ ഒരിക്കൽ കൊവിഡ് വന്നവർക്കും, വാക്‌സിനെടുത്തവർക്കും ഇവ ബാധിക്കാം. സർക്കാർ ആശുപത്രികളിൽ ഉൾപ്പെടെ പരിശോധനകളുടെ എണ്ണം കൂട്ടും. സൗകര്യങ്ങൾ ഉള്ള എല്ലാ സർക്കാർ ആശുപത്രികളിലും പരിശോധന നടത്താൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

You may have missed