എട്ടുവയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കി; 22കാരന് 50 വർഷം മഞ്ചേരി പോക്സോ കോടതി ശിക്ഷവിധിച്ചു
മഞ്ചേരി: 2021 ആഗസ്റ്റ് എട്ടിനാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ വീട്ടിലേക്ക് വന്ന ബന്ധുവായ പ്രതി കിടപ്പുമുറിയില്‍ വച്ചാണ് പീഡനത്തിനിരയാക്കിയത്. വേങ്ങര പൊലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന ബി.ശൈലേഷ് ബാബു രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.മുഹമ്മദ് ഹനീഫയാണ് പ്രതിയെ അറസ്റ്റ് ചെയ്തതും അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതും.
പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ 11 സാക്ഷികളെ കോടതി മുമ്ബാകെ വിസ്തരിച്ചു. 17 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.സല്‍മ, പി.ഷാജിമോള്‍ എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു.
പോക്‌സോ ആക്ടിലെ രണ്ടു വകുപ്പുകളിലായി 20 വര്‍ഷം വീതം കഠിന തടവ്, ഒരു ലക്ഷം രൂപ വീതം പിഴ, ഇന്ത്യന്‍ ശിക്ഷാ നിയമം 377 പ്രകാരം പ്രകൃതി വിരുദ്ധ പീഡനത്തിന് പത്തു വര്‍ഷം കഠിന തടവ് ഒരു ലക്ഷം രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ. പിഴയടക്കാത്ത പക്ഷം മൂന്നു വകുപ്പുകളിലും മൂന്നു മാസം വീതം അധിക തടവ് അനുഭവിക്കണം.
മൂന്നു വകുപ്പുകളിലെയും തടവു ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഫലത്തില്‍ 20 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചാല്‍ മതിയാകും. പ്രതി പിഴയടക്കുന്ന പക്ഷം തുക പരാതിക്കാരനായ കുട്ടിക്ക് നല്‍കണമെന്നും കോടതി വിധിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.