April 3, 2025, 10:07 pm

കരുവന്നൂര്‍ കള്ളപ്പണ കേസ്: നവകേരള സദസ് നടക്കുന്നതിനാല്‍ ഹാജരാകില്ല എന്ന് ഇ.ഡിയോട് സി.പി.എം തൃശ്ശൂര്‍ ജില്ല സെക്രട്ടറി.

കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ കേസ്മായി ബന്ധപ്പെട്ട കേസില്‍ സി.പി.എം തൃശ്ശൂര്‍ ജില്ല സെക്രട്ടറി എം.എം.വര്‍ഗീസ് ഇന്ന് ഇ.ഡിക്ക് മുമ്ബില്‍ ഹാജരാകില്ല. നവകേരള സദസ് നടക്കുന്നതിനാല്‍ ഹാജരാകാൻ സാധിക്കില്ലെന്നാണ് വ ര്‍ഗീസ് ഇ.ഡിയെ അറിയിച്ചത്.ഏഴിന് ശേഷം ഹാജരാകാൻ സാവകാശം നല്‍കണമെന്ന വര്‍ഗീസിന്റെ അപേക്ഷ ഇ.ഡി അനുവദിച്ചു. നവംബര്‍ 24നും ഡിസംബര്‍ ഒന്നിനും ഇതിന് മുമ്ബ് രണ്ട് തവണയായി വര്‍ഗീസിനെ ചോദ്യം ചെയ്തിരുന്നു. അവധി അപേക്ഷ നിരസിച്ച്‌ കര്‍ശന നിര്‍ദേശം നല്‍കിയപ്പോഴായിരുന്നു രണ്ട് തവണയും ഹാജരായത്.
ചോദ്യങ്ങളില്‍ വ്യക്തമായ മറുപടി പറഞ്ഞിട്ടില്ലെന്നും ആവശ്യപ്പെട്ട രേഖകള്‍ പൂര്‍ണമായി നല്‍കിയിട്ടില്ലെന്നും അക്കൗണ്ട് വിവരങ്ങള്‍ പൂര്‍ണമല്ലെന്നും അറിയിച്ചാണ് മൂന്നാം തവണ ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകാനുള്ള ഇ.ഡിയുടെ നിര്‍ദേശം.


നവകേരള സദസ്സുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലുണ്ടായിരിക്കെ പാര്‍ട്ടി ജില്ല സെക്രട്ടറി ഇ.ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഇരിക്കേണ്ടി വരുമോയെന്ന് ആശങ്കയുണ്ടായിരുന്നു. എങ്കിലും കാര്യമറിയിച്ച്‌ അപേക്ഷ നല്‍കുകയായിരുന്നു. രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരായ സാഹചര്യത്തില്‍ വിഷയം പരിഗണിച്ച്‌ അപേക്ഷ അംഗീകരിക്കുകയായിരുന്നുകരുവന്നൂര്‍ വ്യാജ ലോണുകളില്‍ കമീഷൻ വാങ്ങുന്നതിനായി പാര്‍ട്ടിക്ക് രഹസ്യ അക്കൗണ്ടുകളുണ്ടായിരുന്നുവെന്നും വായ്പകള്‍ അനുവദിക്കുന്നതിനായി പാര്‍ട്ടി സബ് കമ്മിറ്റി പ്രവര്‍ത്തിച്ചിരുന്നുവെന്നതുമടക്കം മുൻ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ജില്ല സെക്രട്ടറിയിലേക്ക് അന്വേഷണമെത്തിയത്.
രണ്ട് അക്കൗണ്ടുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും ക്രമക്കേട് ആരോപണമുയര്‍ന്നതോടെ അക്കൗണ്ടുകളിലെ പണമെല്ലാം പിൻവലിച്ച്‌ കാലിയാക്കിയെന്നുമാണ് ഇ.ഡി പറയുന്നത്. പാര്‍ട്ടി ജില്ല കമ്മിറ്റിക്ക് കരുവന്നൂര്‍ ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിട്ടില്ലെന്നും ഇ.ഡിയുടെ തിരക്കഥ ഒരേ കേന്ദ്രത്തില്‍ നിന്ന് പ്രചരിപ്പിക്കുകയാണെന്നുമാണ് സി.പി.എം വിശദീകരണം.