November 27, 2024, 10:59 pm

സുപ്രീം കോടതിയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ്; വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്ന പേരില്‍ വ്യാജ വെബ്സൈറ്റ്. വ്യാജ വെബ്സൈറ്റുകളില്‍ വഞ്ചിതരാകരുതെന്ന് സുപ്രീം കോടതി രജിസ്ട്രി പൊതു മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ മോഷ്ടിക്കാന്‍ സുപ്രീം കോടതിയുടെ പേര് ദുരുപയോഗം ചെയ്യുന്നുവെന്നും നോട്ടീസില്‍ പറയുന്നു. http://cbins/scigv.com, https://cbins.scigv.com/offence. എന്നിവയാണ് വ്യാജ വെബ്സൈറ്റുകളുടെ യു.ആര്‍.എല്‍. വ്യാജ വെബ്‌സൈറ്റ് ജനങ്ങളില്‍നിന്ന് സ്വകാര്യ, രഹസ്യ വിവരങ്ങള്‍ ആരായുകയാണെന്ന് സുപ്രീം കോടതി രജിസ്ട്രി വ്യക്തമാക്കി. ആരും സ്വകാര്യ, രഹസ്യ വിവരങ്ങള്‍ കൈമാറരുത്. നല്‍കുന്ന വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിച്ചേക്കാമെന്നും രജിസ്ട്രി മുന്നറിയിപ്പ് നല്‍കി. www.sci.gov.in ആണ് സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ് സൈറ്റ്. ഇതിന്റെ ആധികാരികത ഉറപ്പ് വരുത്താതെ ലിങ്കുകളില്‍ ക്ലിക് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്. സുപ്രീം കോടതി രജിസ്ട്രി ആരുടെയും വ്യക്തി വിവരങ്ങളോ സ്വകാര്യ വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ ചോദിക്കാറില്ലെന്നും രജിസ്ട്രി വ്യക്തമാക്കി. വ്യാജ വെബ്സൈറ്റുകളുടെ വഞ്ചനയ്ക്ക് ഇര ആയിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ എല്ലാ ഓണ്‍ലൈന്‍ അക്കൗണ്ടുകളുടേയും പാസ്വേഡുകള്‍ മാറ്റാന്‍ രജിസ്ട്രി നിര്‍ദേശിച്ചു. ഇതിനുപുറമെ ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് കമ്പനികളെ ബന്ധപ്പെട്ട് ഇക്കാര്യം അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

You may have missed