November 28, 2024, 4:24 am

പൊതു തെരഞ്ഞെടുപ്പ് ഫെബ്രുവരിയില്‍ നടത്തുമെന്ന് പാകിസ്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഇസ്ലാമാബാദ്: പാകിസ്താനില്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പൊതു തെരഞ്ഞെടുപ്പ് നടത്തുമെന്ന് പാകിസ്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സിക്കന്ദര്‍ സുല്‍ത്താന്‍ രാജ. മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണയിക്കുന്നതിനും വോട്ടര്‍ പട്ടിക പുതുക്കുന്നതിനും ഒരുക്കങ്ങള്‍ നടക്കുന്നതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താന്‍ മുസ്‌ലിംലീഗ് (എന്‍) വിഭാഗത്തിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പു നല്‍കിയത്. വെള്ളിയാഴ്ച തിരഞ്ഞെടുപ്പു സംബന്ധിച്ച് പി.എം.എല്‍-എന്‍ വിഭാഗം തെരഞ്ഞെടുപ്പു കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിസംബറില്‍ പുനര്‍നിര്‍ണയ പ്രക്രിയ അവസാനിച്ചതിന് ശേഷം മാത്രമേ വോട്ടര്‍പട്ടിക പുതുക്കാനുള്ള നടപടികള്‍ ആരംഭിക്കുകയുള്ളൂ എന്ന ഊഹാപോഹങ്ങള്‍ അദ്ദേഹം നിഷേധിച്ചു. രണ്ട് ജോലികളും ഒരേസമയം പൂര്‍ത്തിയാക്കുമെന്നും എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉറപ്പുനല്‍കിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫെബ്രുവരിയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്ന് യോഗത്തിന് ശേഷം പി.എം.എല്‍-എന്‍ നേതാക്കളായ അഹ്സന്‍ ഇഖ്ബാല്‍, അസം നസീര്‍ തരാര്‍, സാഹിദ് ഹമീദ് എന്നിവരും അറിയിച്ചു. തിരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമാകുമെന്നും എല്ലാ പാര്‍ട്ടികള്‍ക്കും തുല്യ അവസരങ്ങള്‍ ലഭിക്കുമെന്നും ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഉറപ്പ് നല്‍കി. പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You may have missed