November 28, 2024, 2:11 am

ഓണക്കിറ്റ് വിതരണം; ഞായറാഴ്ച റേഷന്‍ കടകള്‍ തുറന്ന് വിതരണം പൂര്‍ത്തിയാക്കണമെന്ന് ജി ആര്‍ അനില്‍

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ക്ക് നിര്‍ദേശം നല്‍കി ഭക്ഷ്യവകുപ്പ്. ഭക്ഷ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തിലാണ് തീരുമാനം. ഞായറാഴ്ച റേഷന്‍ കടകള്‍ തുറന്ന് കിറ്റ് വിതരണം പൂര്‍ത്തിയാക്കണമെന്നും, ഇന്ന് ഉച്ചയോടെ മുഴുവന്‍ ഓണകിറ്റുകളും തയ്യാറാക്കണമെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിര്‍ദേശിച്ചു. സ്റ്റോക്കില്ലാത്ത പായസംമിക്‌സ്, നെയ് ഇനങ്ങള്‍ ഉടന്‍ എത്തിക്കാന്‍ മില്‍മയോട് ആവശ്യപ്പെടും. കഴിഞ്ഞ ദിവസം 14,000 പേര്‍ മാത്രമാണ് കിറ്റ് വാങ്ങിയത്, 5.87 ലക്ഷം മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കാണ് ആകെ കിറ്റ് നല്‍കേണ്ടത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു കിറ്റ് വിതരണം ഇത്തവണ സര്‍ക്കാര്‍ പരിമിതപ്പെടുത്തിയത്. മഞ്ഞകാര്‍ഡുള്ളവര്‍ക്ക് പുറമെ അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്ന 20000 പേര്‍ക്കും കൂടി ഓണക്കിറ്റുണ്ടാകുമെന്നും സപ്ലൈക്കോ അറിയിച്ചിരുന്നു.തേയിലയും വെളിച്ചെണ്ണയും പായസക്കൂട്ടും മുതല്‍ പൊടിയുപ്പു വരെ 13 ഇനങ്ങള്‍ നല്‍കാനാണ് സപ്ലൈക്കോയുടെ തീരുമാനം. തുണി സഞ്ചിയുള്‍പ്പെടെ പതിനാലിനം സാധനങ്ങളാണ് കിറ്റില്‍ ഉണ്ടായിരിക്കുക. കഴിഞ്ഞ വര്‍ഷം 93 ലക്ഷം കാര്‍ഡ് ഉടമകളില്‍ 87 ലക്ഷം കാര്‍ഡുടമകള്‍ക്ക് കിറ്റ് നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നു.

You may have missed