ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്
ദില്ലി: ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. ദില്ലിയില്‍ വൈകീട്ട് അഞ്ച് മണിയോടെയാണ് പ്രഖ്യാപനം നടക്കുക. വിവിധ വിഭാഗത്തില്‍ നിന്നായി നായാട്ട്, മിന്നല്‍ മുരളി, മേപ്പടിയാന്‍ തുടങ്ങിയ മലയാള ചിത്രങ്ങള്‍ വിവിധ വിഭാഗങ്ങളില്‍ അവാര്‍ഡിന് പരിഗണനയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.ജോജു ജോര്‍ജ്, ബിജു മേനോന്‍ മികച്ച നടനും സഹനടനുമുള്ള പുരസ്‌കാര ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബോളിവുഡ് ചിത്രങ്ങളെ അപേക്ഷിച്ച് പ്രദേശിക ചിത്രങ്ങള്‍ സാങ്കേതിക മേഖലയിലെ അവാര്‍ഡുകളുടെ മത്സരത്തില്‍ അടക്കം മുന്നിട്ട് നില്‍ക്കുന്നുവെന്നാണ് വിവരം.
ഐ.എസ്.ആര്‍.ഓ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത റോക്കട്രി: ദ നമ്പി എഫക്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് ആര്‍ മാധവനും കാശ്മീര്‍ ഫയല്‍സിലെ അഭിനയത്തിന് അനുപം ഖേറും പരിഗണനയിലുണ്ട്. രേവതി മികച്ച നടിക്കുള്ള മത്സരപട്ടികയില്‍ ഉണ്ട്.നായാട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജു ജോര്‍ജ് മികച്ച നടനുള്ള സാധ്യത പട്ടികയില്‍ ഉണ്ടെന്നാണ് വിവരം. മികച്ച നടിക്ക് വേണ്ടിയുള്ള മത്സരത്തില്‍ ആലിയ ഭട്ടും, കങ്കണ റണൌട്ടും തമ്മിലാണ് മത്സരം എന്നാണ് സൂചന ഗംഗുഭായ് കത്തിയവാഡി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആലിയയ്ക്ക് സാധ്യത. തലൈവി എന്ന ചിത്രത്തിലെ പ്രകടനമാണ് കങ്കണ റണൌട്ടിന് സാധ്യത നല്‍കുന്നത്.എസ്എസ് രാജമൌലി സംവിധാനം ചെയ്ത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ആര്‍ആര്‍ആര്‍ ചിത്രത്തിലെ സംഗീതത്തിന് കീരവാണിക്ക് മികച്ച സംഗീത സംവിധാനത്തിനുള്ള അവാര്‍ഡിന് സാധ്യതയുണ്ട്. അതേ സമയം മലയാളത്തില്‍ നിന്നും ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിക്കും ചില അവാര്‍ഡുകള്‍ക്ക് സാധ്യതയുണ്ട്.മികച്ച മലയാള ചിത്ര എന്ന അവാര്‍ഡിന്റെ അവസാന പട്ടികയില്‍ ഹോം, ആവാസ വ്യൂഹം, ചവിട്ട്, മേപ്പടിയാന്‍ എന്നീ ചിത്രങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത് എന്നാണ് വിവരം.