April 4, 2025, 4:11 pm

സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്‌ട്രീക്ക് അന്തരിച്ചു

ഹരാരെ : സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്‌ട്രീക്ക് (49) അന്തരിച്ചു . ക്യാൻസർ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. ദേശീയ ടീമിന്‍റെ നായകനായിരുന്ന ഹീത്ത് സ്‌ട്രീക്ക് സിംബാബ്‌വെ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു. 1993ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ സ്‌ട്രീക്ക് 2005ലാണ് വിരമിച്ചത്. സിംബാബ്‌വെ ദേശീയ ടീമിന്‍റെ സുവർണ കാലഘട്ടമായിരുന്ന 1993 മുതൽ 2000 വരെയുള്ള കാലയളവില്‍ സിംബാബ്‌വെയിൽ ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിരുന്ന കായിക താരങ്ങളിൽ ഒരാളായിരുന്നു ഹീത്ത് സ്‌ട്രീക്ക്. 2000 മുതൽ 2004 വരെയുള്ള കാലഘട്ടത്തിലാണ് സ്‌ട്രീക്ക് സിംബാബ്‌വെയുടെ നായക സ്ഥാനം അലങ്കരിച്ചത്.2004ൽ ബോർഡുമായുള്ള ഭിന്നതയെത്തുടർന്ന് ക്യാപ്‌റ്റൻ സ്ഥാനത്ത് നിന്ന് രാജിവയ്‌ക്കുകയായിരുന്നു. ഒരു വർഷത്തിന് ശേഷം തന്‍റെ 31-ാം വയസിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും താരം വിരമിച്ചു. സിംബാബ്‌വെക്കായി 65 ടെസ്റ്റുകളിലും 189 ഏകദിനങ്ങളിലുമാണ് ഹീത്ത് സ്‌ട്രീക്ക് കളിച്ചത്.ടെസ്റ്റിലും ഏകദിനത്തിലുമായി 4933 റണ്‍സും 455 വിക്കറ്റുകളും വീഴ്ത്തി. 65 ടെസ്റ്റിൽ നിന്ന് 216 വിക്കറ്റും 189 ഏകദിനങ്ങളില്‍ നിന്ന് 239 വിക്കറ്റുകളുമാണ് ഹീത്ത് വീഴ്ത്തിയത്. 73 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്തതാണ് ടെസ്റ്റിലെ മികച്ച പ്രകടനം.ഏകദിനത്തില്‍ 32 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം. പേസ് ബോളറാണെങ്കിലും ബാറ്റർ എന്ന നിലയിലും മികച്ച പ്രകടനമാണ് ഹീത്ത് സ്‌ട്രീക്ക് പുറത്തെടുത്തിട്ടുള്ളത്. ടെസ്റ്റില്‍ 1990 റണ്‍സും ഏകദിനത്തില്‍ 2943 റണ്‍സും സ്ട്രീക്ക് നേടിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഹരാരെയില്‍ നടന്ന ടെസ്റ്റിൽ സെഞ്ച്വറിയും(127) നേടി. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം പരിശീലന വേഷത്തിലും ഹീത്ത് സ്‌ട്രീക്ക് തിളങ്ങിയിരുന്നു. സിംബാബ്‌വെ,സ്കോട്‌ലന്‍ഡ്, ബംഗ്ലാദേശ് എന്നീ ടീമുകളുടെ പരിശീലകനായി സ്‌ട്രീക്ക് പ്രവർത്തിച്ചു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പവും പ്രവർത്തിച്ചു.