വൈദ്യുതി കരുതലോടെ ഉപയോഗിക്കൂ! മുന്നറിയിപ്പുമായി വൈദ്യുതി മന്ത്രി
തിരുവനന്തപുരം: കരുതലോടെ വൈദ്യുതി ഉപയോഗിക്കണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ഈ വർഷം 45 ശതമാനത്തോളം മഴ കുറവുണ്ടായ സാഹചര്യത്തിൽ കേരളത്തിലെ ഡാമുകളിലെ ജല ലഭ്യത കുറവാണ്. ഇതിനാൽ ജല വൈദ്യുത പദ്ധതികളിൽനിന്നുള്ള വൈദ്യുതി ഉൽപാദനം പരിമിതമാണെന്നും അതുകൊണ്ടുതന്നെ വൈദ്യുതി കരുതലോടെ വേണം ഉപയോഗിക്കാനെന്നും മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ജനങ്ങളോട് അഭ്യർഥന നടത്തിയത്. ഉർജക്ഷമത കൂടിയ വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുകയും ആവശ്യമില്ലാത്തതും ഉപയോഗം കഴിഞ്ഞതുമായ വൈദ്യുത ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്യണമെന്നും മന്ത്രി അറിയിച്ചു. കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നും വൈദ്യുതി ചാർജ് വർധനയടക്കം വേണ്ടി വന്നേക്കാമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ലോഡ് ഷെഡിംഗ് അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകുമെങ്കിലും ഓണക്കാലവും പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പും പരിഗണിച്ച് തല്ക്കാലം കടുത്ത തീരുമാനം വരില്ലെന്നാണ് വ്യക്തമാകുന്നത്. ഈ മാസം കാര്യമായ തോതിൽ മഴ കിട്ടിയില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്നാണ് മന്ത്രിയുടെ പക്ഷം. പുറത്ത് നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് ഇപ്പോൾ കെ എസ് ഇ ബി മുന്നോട്ട് പോകുന്നതെന്നടക്കം മന്ത്രി വിവരിച്ചിരുന്നു. പ്രതിദിനം 10 കോടിയോളം രൂപയുടെ നഷ്ടം കെ എസ് ഇ ബിക്ക് ഉണ്ടെന്നാണ് വൈദ്യുതി മന്ത്രി പറയുന്നത്.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
വൈദ്യുതി കരുതലോടെ ഉപയോഗിക്കൂ…
ഈ വർഷം 45 ശതമാനത്തോളം മഴ കുറവ് ലഭിച്ച സാഹചര്യത്തിൽ കേരളത്തിലെ ഡാമുകളിലെ ജല ലഭ്യത കുറവാണ്.
ഇതിനാൽ ജല വൈദ്യുത പദ്ധതികളിൽനിന്നുള്ള വൈദ്യുതി ഉത്പാദനം പരിമിതമാണ്. ആയതിനാൽ വൈദ്യുതി കരുതലോടെ വേണം ഉപയോഗിക്കാൻ. ഉർജ്ജകാര്യക്ഷമത കൂടിയ വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുകയും ആവശ്യമില്ലാത്തതും ഉപയോഗം കഴിഞ്ഞതുമായ വൈദ്യുത ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്യേണ്ടതാണ്.