ടിക്ടോക്കും ടെലഗ്രാമും നിരോധിച്ച് സൊമാലിയ; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് വാദം
സൊമാലിയ: ചൈനീസ് ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ ടിക്ടോക്കിനും എന്‍ക്രിപ്റ്റഡ് മെസേജിങ് പ്ലാറ്റ്ഫോമായ ടെലഗ്രാമിനും നിരോധനമേര്‍പ്പെടുത്തി സോമാലിയ. അസഭ്യമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നുവെന്നും ഇവയുടെ വ്യാപനം തടയാനാണ് നടപടിയെന്നും സൊമാലിയയുടെ ആശയവിനിമയ മന്ത്രി അറിയിച്ചു. ഈ രണ്ട് ആപ്പുകള്‍ക്ക് പുറമേ ഓണ്‍ലൈന്‍-വാതുവയ്പ്പ് വെബ്സൈറ്റ് ആയ 1XBet ഉം നിരോധിച്ചിട്ടുണ്ട്.ഭീകരരും അധാര്‍മ്മിക ഗ്രൂപ്പുകളും നിരന്തരം ഭയാനകമായ ചിത്രങ്ങളും തെറ്റായ വിവരങ്ങളും പൊതുജനങ്ങളിലേക്ക് പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്ന ടിക്ടോക്ക്, ടെലഗ്രാം എന്നീ ആപ്പുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിടുന്നതായി മന്ത്രി ജമാ ഹസ്സന് ഖലീഫ് അറിയിച്ചു.വിമത ഗ്രൂപ്പായ അല്‍ ഷബാബിലെ അംഗങ്ങള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ ആപ്പുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.അടുത്ത അഞ്ച് മാസത്തിനുള്ളില്‍ അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള ഷബാബ് ഗ്രൂപ്പിനെ ഇല്ലാതാക്കാന്‍ സൈനികാക്രമണം നടത്തുമെന്ന് സോമാലിയന്‍ പ്രസിഡന്റ് ഹസന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് നടപടി. വിഷയത്തില്‍ ടിക്ടോക്ക്, ടെലഗ്രാമം 1XBet അധികൃതര്‍ പ്രതികരിച്ചിട്ടില്ല.