ഉത്തരാഖണ്ഡിലെ വീടുകളിൽ ഉറവ പൊടിയുന്നു, തറയിലും ഭിത്തികളിലും വിള്ളൽ
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിലും ഋഷികേശിലെ ഗംഗാനഗർ മേഖലയിലും വീടുകളുടെ തറയിൽ നിന്ന് വ്യാപകമായി ഉറവ പൊടിയുന്നും. തറയിലും ഭിത്തികളിലും വിള്ളലുകൾ വീണതായും കാണപ്പെടുന്നുണ്ട്.
മഴ വെള്ളമോ കെട്ടിക്കിടക്കുന്ന വെള്ളമോ അല്ല, നല്ല തെളിഞ്ഞ ഭൂഗർഭ ജലം തന്നെയാണ് തറയിൽ നിന്നു കിനിഞ്ഞിറങ്ങുന്നതെന്നാണ് നാട്ടുകാർ പറയുന്നു. വീടുകളുടെ അടിത്തറ ദുർബലമാകാൻ ഇതു കാരണമായിട്ടുണ്ടാകുമെന്നാണ് ഇവരുടെ ആശങ്ക.40 കിലോമീറ്റർ അകലത്തിലുള്ള ഈ രണ്ടു മേഖലകളും ഗംഗാ നദിയുടെ തീരത്താണ്. രണ്ടും ഭൂഗർഭ ജല നിരപ്പ് കൂടുതലുള്ള സ്ഥലങ്ങളാണെന്നും, തുടർച്ചയായി പെയ്യുന്ന മഴയിൽ ജല നിരപ്പ് വീണ്ടും ഉയർന്നിട്ടുണ്ടാകാമെന്നുമാണ് അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ.അതേസമയം, നദികളുടെയും അവയുടെ കൈവഴികളുടെയും സ്വാഭാവിക ഒഴുക്കിന് തടസം വരുന്ന രീതിയിൽ കൈയേറ്റം നടന്നിട്ടുള്ളതും ഇങ്ങനെയൊരു പ്രതിഭാസത്തിനു കാരണമാകാമെന്ന് സംശയിക്കുന്നു. ഗംഗയും യമുനയും ഒഴുകുന്ന താഴ്‌വാരങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ വർധിച്ച ശേഷമാണ് ഇതു കണ്ടു തുടങ്ങിയത്.