November 28, 2024, 10:26 am

തിരുവനന്തപുരത്ത് മത്സരിക്കില്ല, ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്; സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ ശശി തരൂര്‍

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സ്ഥിരാംഗത്വം ലഭിച്ചതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ ശശി തരൂര്‍. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് തരൂര്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുന്നത്. പ്രവര്‍ത്തക സമിതിയില്‍ സ്ഥിരാംഗത്വം നല്‍കിയതിലൂടെ എഐസിസിയും തരൂരിന്റെ നീക്കങ്ങള്‍ക്ക് പച്ചക്കൊടി കാണിച്ചതായാണ് സൂചന. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ തരൂര്‍ മത്സരിച്ചേക്കില്ല. പാര്‍ട്ടിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് മത്സരിച്ചാല്‍ തന്നെ അതുകഴിഞ്ഞ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കണമെന്ന ഉപാധി തരൂര്‍ മുന്നോട്ടുവയ്ക്കും. തരൂരിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തി കാട്ടിയാല്‍ അടുത്ത തവണ സംസ്ഥാന ഭരണം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്നാണ് എഐസിസി നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതേസമയം, തരൂരിന്റെ നീക്കങ്ങളില്‍ കെ.സുധാകരനും വി.ഡി.സതീശനും അസ്വസ്ഥരാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാമെന്ന പ്രതീക്ഷയിലായിരുന്നു ഇരുവരും. എഐസിസിയുടെ ആശിര്‍വാദത്തോടെ തരൂര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായാല്‍ അത് തങ്ങളുടെ എല്ലാ സ്വപ്നങ്ങളേയും തകര്‍ക്കുമെന്നാണ് സുധാകരനും സതീശനും കരുതുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇത്തവണ ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന നിലപാട് സുധാകരന്‍ നേരത്തെ എടുത്തുകഴിഞ്ഞു. അതിനിടയിലാണ് തരൂര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുന്നത്

You may have missed