November 28, 2024, 2:14 am

തിരുവല്ലം ടോൾ നിരക്ക് വർധന ഒഴിവാക്കണം; കേന്ദ്ര ഗതാഗത മന്ത്രിയ്ക്ക് കത്തയച്ച് ആന്റണി രാജു

സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള ക്യാബിനറ്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ദേശീയപാതയിലെ ടോള്‍ പിരിവ് സംവിധാനം പരിഷ്‌കരിക്കുന്നതിലൂടെ തിരുവല്ലത്തെ ടോള്‍ നിരക്ക് വര്‍ധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ടോള്‍ പ്ലാസ കോവളത്തിന് തെക്ക് ഭാഗത്തേയ്ക്ക് മാറ്റി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചു.ബില്‍ഡ്, ഓപ്പറേറ്റ്, ട്രാന്‍സ്ഫര്‍ അടിസ്ഥാനത്തില്‍ നിലവില്‍ ടോള്‍ പിരിക്കുന്നത് മാറ്റി ടോള്‍ ഓപ്പറേറ്റ് ട്രാന്‍സ്ഫര്‍ വ്യവസ്ഥയിലേക്ക് മാറ്റുന്നത് നിരക്ക് ഗണ്യമായി വര്‍ധിക്കാന്‍ ഇടയാക്കും. അശാസ്ത്രീയ ടോള്‍ നിരക്ക് വര്‍ധന അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ കോവളത്തേക്ക് യാത്ര ചെയ്യാന്‍ ഓരോ തവണയും വലിയ തുക ചെലവഴിക്കേണ്ടി വരുന്നത് കേരളത്തിന്റെ വിനോദസഞ്ചാര വ്യവസായത്തിന് തന്നെ ഭീഷണിയാകും. ഈ സാഹചര്യമൊഴിവാക്കാനാണ് നിലവിലുള്ള ടോള്‍ പ്ലാസ കോവളത്തിന് തെക്കുഭാഗത്തേക്ക് മാറ്റുന്നത് പരിഗണിക്കാന്‍ അഭ്യര്‍ഥിച്ചതെന്ന് മന്ത്രി പറഞ്ഞു. തിരുവല്ലത്തെ ടോള്‍ നിരക്ക് ഗണ്യമായി വര്‍ധിക്കുന്നത് തലസ്ഥാനനഗരിയോട് മാത്രമല്ല കേരളത്തോടുള്ള അവഗണനയാണെന്ന് മന്ത്രി പറഞ്ഞു.

You may have missed