ഐഎസ്ആർഒ പരീക്ഷ കോപ്പിയടി; ആൾമാറാട്ടം നടത്തിയാണ് പരീക്ഷ എഴുതിയതെന്ന് മൊഴി
തിരുവനന്തപുരം : ഐഎസ്ആർഒയിലെ വിഎസ്എസ്‌സി ടെക്‌നീഷ്യൻ തസ്‌തികയിലേക്കുള്ള പരീക്ഷയിലെ കോപ്പിയടിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോപ്പിയടിക്ക് പുറമെ ആൾമാറാട്ടവും നടന്നതായാണ് വിവരം. ഇന്നലെയാണ് (20-08-2023) വിഎസ്എസ്‌സിയിൽ ടെക്‌നീഷ്യൻ തസ്‌തികയിലേക്കുള്ള റിക്രൂട്ട്മെന്‍റ് പരീക്ഷ നടന്നത്.സംഭവവുമായി ബന്ധപ്പെട്ട് ഹരിയാന സ്വദേശികളായ സുമിത് കുമാർ, സുനിൽ കുമാർ എന്നിവർ പൊലീസ് പിടിയിലായിരുന്നു . എന്നാൽ, പരീക്ഷ എഴുതാൻ അപേക്ഷിച്ചവർക്ക് വേണ്ടി മറ്റ് രണ്ട് പേരാണ് പരീക്ഷ എഴുതിയതെന്ന വിവരമാണ് ഒടുവിൽ പുറത്തുവരുന്നത്. അറസ്റ്റിലായവരെ ചോദ്യം ചെയ്‌തപ്പോഴാണ് നിർണായക വിവരം ലഭിച്ചത്. നിലവിൽ കസ്റ്റഡിയിലുള്ളവരുടെ യഥാർഥ പേരും വിലാസവും കണ്ടെത്താൻ ഹരിയാന പൊലീസും കേരള പൊലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഎസ്എസ്‌സിയുടെ ടെക്‌നീഷ്യൻ – B കാറ്റഗറി തസ്‌തികയിലേക്കുള്ള പരീക്ഷയിൽ ഹരിയാന സ്വദേശികൾ കോപ്പിയടിക്കാൻ പദ്ധതി ഇട്ടിട്ടുണ്ട് എന്ന ഫോൺ സന്ദേശം ഹരിയാനയിൽ നിന്നും എത്തിയതോടെയാണ് ഹൈടെക്ക് കോപ്പിയടി പുറത്തറിയുന്നത്.സന്ദേശം ലഭിച്ചയുടൻ തന്നെ പൊലീസ് പരീക്ഷ സെന്‍ററുകളിൽ വിവരം കൈമാറി. തുടർന്ന് കോട്ടൺഹിൽ സെന്‍റ് മേരീസ് സ്‌കൂളുകളിൽ കോപ്പിയടി സ്ഥിരീകരിക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്‌തു. പിടിയിലായവർ ഹരിയാനയിൽ സമാനമായ നിരവധി തട്ടിപ്പുകൾ നടത്തിയവരാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതിന് മുൻപും ആൾമാറാട്ടത്തിലൂടെ പരീക്ഷ എഴുതിയിട്ടുണ്ടെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി.’ബ്ലൂടൂത്ത് വഴി കേട്ടെഴുതി’ പട്ടം സെന്‍റ് മേരീസ് സ്‌കൂളിൽ പരീക്ഷ എഴുതിയ സുമിത്തിനെ മെഡിക്കൽ കോളജ് പൊലീസും കോട്ടൺഹിൽ സ്‌കൂളിൽ പരീക്ഷ എഴുതിയ സുനിലിനെ മ്യൂസിയം പൊലീസുമാണ് അറസ്റ്റ് ചെയ്‌തത്. ഹെഡ്‌സെറ്റും മൊബൈല്‍ ഫോണും ഉപയോഗിച്ചായിരുന്നു കോപ്പിയടിക്കാൻ ശ്രമം നടത്തിയത്. വയറില്‍ ബെല്‍റ്റ് കെട്ടി ഫോണ്‍ സൂക്ഷിച്ച് ചോദ്യങ്ങള്‍ സ്‌ക്രീന്‍ വ്യൂവര്‍ വഴി ഹരിയാനയിലെ സുഹൃത്തുക്കൾക്ക് അയച്ച് നല്‍കുകയും ബ്ലൂടൂത്ത് വഴി ഉത്തരങ്ങൾ കേട്ടെഴുതുകയുമായിരുന്നു. പ്ലസ് ടു യോഗ്യത ആവശ്യമായുള്ള പരീക്ഷയിലാണ് കോപ്പിയടിക്കാൻ ശ്രമം നടത്തിയത്. ഇതിനായുള്ള ആസൂത്രണം നടന്നത് ഹരിയാനയില്‍ വച്ചാണെന്നാണ് പ്രാഥമിക വിവരം. സുനിൽ 79 മാര്‍ക്കിന്‍റെ ഉത്തരങ്ങളും സുമിത് 25ലധികം മാര്‍ക്കിന്‍റെ ഉത്തരങ്ങളും എഴുതിയിരുന്നു. ഇന്നലെ രാവിലെയാണ് ഐഎസ്ആർഒ റിക്രൂട്ട്‌മെന്‍റ് പരീക്ഷയ്ക്കിടെ കോപ്പിയടി നടന്നത്.