November 27, 2024, 11:25 pm

കോഴിക്കോട് ആനക്കൊമ്പ് കേസ്; മുഖ്യ പ്രതി പൊലീസ് ഉദ്യോഗസ്ഥനെന്ന് കണ്ടെത്തല്‍

ആനക്കൊമ്പ് കേസില്‍ മുഖ്യ പ്രതി പൊലീസ് ഉദ്യോഗസ്ഥനെന്ന് കണ്ടെത്തല്‍. ആരോപണവിധേയനായ തമിഴ്‌നാട് സ്വദേശിയായ കണ്ണന്‍ കഴിഞ്ഞ മൂന്ന് മാസമായി അവധിയിലാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
തമിഴ്‌നാട് പൊലീസിലെ സി പി ഒ ആണ് ഇയാള്‍. ഇയാള്‍ ഉപയോഗിച്ച സിം കാര്‍ഡുകള്‍ ഭാര്യയുടെ പേരില്‍ ഉള്ളതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. അതേസമയം, അവധി കാലാവധി കഴിഞ്ഞെങ്കിലും കണ്ണന്‍ ഇതുവരെ തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച് തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചതായും തമിഴ്‌നാട് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം 30 നാണ് കോഴിക്കോട് കെ എസ് ആര്‍ ടി സി ടെര്‍മിനലിന് സമീപത്ത് നിന്ന് ഒന്നര കോടി വിലവരുന്ന രണ്ട് ആനക്കൊമ്പുകള്‍ പിടികൂടിയത്. നിലവില്‍ പിടികൂടിയ രണ്ട് ആനക്കൊമ്പുകള്‍ കാലപഴക്കമുള്ളതാണ്. ഇത് തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ട് വന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. ആനക്കൊമ്പ് കച്ചവടത്തില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരെ വനംവകുപ്പ് തിരിച്ചറിഞ്ഞു. ഇടുക്കി സ്വദേശി ജിഷാദ്, പെരിന്തല്‍മണ്ണ സ്വദേശി അബൂക്ക എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവര്‍ക്കായ് അന്വേഷണം വ്യാപിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൊലീസിന്റെയും, സൈബര്‍ സെലിന്റെയും സഹായത്തോടെയാണ് വനംവകുപ്പിന്റെ അന്വേഷണം പുരോഗമിക്കുന്നത്.

You may have missed