‘കിങ് ഓഫ് കൊത്ത’പുഷ്പയുടെ കോപ്പിയോ ? മറുപടി നൽകി ദുൽഖർ
ദുൽഖർ സൽമാൻ നായകനായെത്തുന്ന കിങ് ഓഫ് കൊത്തയ്ക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാള സിനിമ പ്രേക്ഷകർ. ചിത്രം ഓണത്തിന് തിയേറ്ററുകൾ ഇളക്കി മറിക്കുമെന്നാണ് ആരാധകർ പറയുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ കിങ് ഓഫ് കൊത്തയെകുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിലടക്കം സജീവമാണ്.
കിങ് ഓഫ് കൊത്തയ്ക്ക് അല്ലു അർജുൻ നായകനായെത്തിയ പുഷ്പ എന്ന ചിത്രവുമായി സാമ്യമുണ്ടെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. കിങ് ഓഫ് കൊത്തയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന ഒരഭിമുഖത്തിൽ ഈ പ്രചാരണത്തിനെതിരെ പ്രതികരിച്ചിരിക്കുകയാണ് താരം.അത്തരത്തിലുള്ള ഒരു സ്വാധീനവുമില്ല എന്നാണ് ദുൽഖർ മറുപടി പറഞ്ഞത്. ഒരു നടനെന്ന നിലയിലും പെർഫോമറെന്ന നിലയിലും എനിക്ക് ബണ്ണിയെ വളരെയധികം ഇഷ്ടമാണ്. 2019 മുതൽ ഈ ചിത്രം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. എനിക്ക് തോന്നുന്നു മൂന്ന് വർഷം മുൻപ് തന്നെ അവർ ഇതിന്റെ ക്യാരക്ടർ സ്കെച്ച് തയ്യാറാക്കിയിരുന്നു. ഞങ്ങളുടെ മനസ്സിൽ അങ്ങനെയൊരു പ്ലാനുണ്ടായിരുന്നു. ഞാനും ഇങ്ങനെ കേട്ടിരുന്നു. ഒരുതരത്തിൽ ഇതൊരു അഭിനന്ദനമായി എടുക്കുന്നു. പക്ഷേ ഞങ്ങൾ ഒരിക്കലും ആരെയും അനുകരിക്കാനോ കോപ്പി ചെയ്യാനോ ശ്രമിച്ചിട്ടില്ല എന്ന് ദുൽഖർ പറഞ്ഞു.പുഷ്പയ്ക്ക് ചെയ്യാൻ കഴിഞ്ഞതുപോലെ ഒരു ചലനം കൊത്തയ്ക്കും ഉണ്ടാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദുൽഖർ പറഞ്ഞു. ദുൽഖറിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കും കിങ് ഓഫ് കൊത്തയെന്നാണ് പൊതുവേയുള്ള വിലയിരുത്തലുകൾ. ചിത്രത്തിലെ കലാപകാര എന്ന ഗാനം സോഷ്യൽ മീഡിയയിൽ വൻ തരംഗം തീർക്കുകയും യൂട്യൂബിൽ ട്രെൻഡിങ് ആവുകയും ചെയ്തിരുന്നു.ഓഗസ്റ്റ് 24ന് ഓണം റിലീസ് ആയി ചിത്രം തിയേറ്ററിൽ എത്തും. അഭിലാഷ് ജോഷി സംവിധാനം നിർവ്വഹിച്ച ചിത്രം പാൻ ഇന്ത്യൻ ലെവലിൽ ആണ് റിലീസിനൊരുങ്ങുന്നത്. ബിഗ് ബജറ്റിൽ ഒരുക്കുന്ന ചിത്രം 400ൽ അധികം സ്‌ക്രീനുകളിൽ കേരളത്തിൽ റിലീസാകും. ദുൽഖറിന്റെ കരിയറിലെ തന്നെ വെല്ലുവിളി നിറഞ്ഞ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫറെർ ഫിലിംസും ചേർന്നാണ് നിർമ്മാണം.ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.