November 27, 2024, 10:26 pm

ചരിത്രനേട്ടത്തിലേക്ക് ചന്ദ്രയാന്‍ 3; അവസാന ഡീബൂസ്‌റ്റിങ്ങും വിജയകരം

ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 ന്റെ രണ്ടാമത്തെയും അവസാനത്തെയും ഡീ-ബൂസ്റ്റിംഗ് പ്രവർത്തനം ഇന്ന് രാവിലെ വിജയകരമായി പൂർത്തിയാക്കി. ചന്ദ്രോപരിതലത്തിൽ ബഹിരാകാശ പേടകം ഇറങ്ങുന്നതിന് മുന്നോടിയായുള്ള നിർണായക ഘട്ടം ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.ചന്ദ്രനോട് ഏറ്റവും അടുത്തുള്ള പോയിന്റ് 25 കിലോമീറ്ററും ഏറ്റവും ദൂരെ 134 കിലോമീറ്ററും ഉള്ള ഒരു ഭ്രമണപഥത്തിലാണ് വിക്രം ലാൻഡർ സ്വയം സ്ഥാപിച്ചിരിക്കുന്നത്. ഈ ഭ്രമണപഥത്തിൽ നിന്നാണ് ചന്ദ്രന്റെ പര്യവേക്ഷണം ചെയ്യപ്പെടാത്ത ദക്ഷിണധ്രുവ മേഖലയിൽ ബുധനാഴ്ച സോഫ്റ്റ് ലാൻഡിംഗ് നടത്താൻ ശ്രമിക്കുക എന്ന് ഐഎസ്ആർഒ അറിയിച്ചത്.രണ്ടാമത്തെയും അവസാനത്തെയും ഡീബൂസ്റ്റിംഗ് ഓപ്പറേഷൻ എൽഎം പരിക്രമണപഥത്തെ 25 കി.മീ x 134 കി.മീ ആയി ചുരുക്കിയെന്നും മൊഡ്യൂൾ ആന്തരിക പരിശോധനയ്ക്ക് വിധേയമാക്കുകയും നിയുക്ത ലാൻഡിംഗ് സൈറ്റിൽ സൂര്യോദയത്തിനായി കാത്തിരിക്കുകയും ചെയ്യുമെന്നും ഐഎസ്ആർഒ അറിയിച്ചു.നേരത്തെ ചന്ദ്രയാൻ-3 ലാന്റർ മൊഡ്യൂളിന്റെ ആദ്യ ഡീബൂസ്റ്റിം​ഗ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ഐ എസ് ആർ ഒ അറിയിച്ചിരുന്നു വേർപെട്ടതിന് ശേഷം വിക്രം ലാന്റർ പകർത്തിയ ചിത്രങ്ങളും ആ​ഗസ്റ്റ് 15 ന് ഐ എസ് ആർ ഒ പുറത്തുവിട്ടിരുന്നു. ആ​​ഗസ്റ്റ് 5 നായിരുന്നു ചന്ദ്രയാൻ- 3 ചന്ദ്രന്റെ ഉപരിതലത്തിൽ പ്രവേശിച്ചിരുന്നത്. ഉപരിതലത്തിൽ ഒരു റോവർ സുരക്ഷിതമായി ഇറക്കുകയും രാസവിശകലനങ്ങൾ നടത്തുകയും ചെയ്യുക എന്നതാണ് ചന്ദ്രയാൻ-3 ന്റെ പ്രാഥമിക ലക്ഷ്യം.ദൗത്യത്തിലെ നിർണായക ഘട്ടമാണ് ഡീബൂസ്റ്റിംഗ്. ചന്ദ്രോപരിതലത്തിലേക്ക് കൂടുതൽ അടുപ്പിക്കാൻ വേഗം കുറച്ച് താഴ്ന്ന ഭ്രമണപഥത്തിലേക്ക് എത്തിക്കാൻ ലാന്ററിന്റെ വേഗം കുറയ്ക്കുന്ന പ്രകിയ ആണ് ഇത്. ഡീബൂസ്റ്റിംഗ് പൂർത്തിയാകുന്നതോടെയാണ് ചന്ദ്രനിൽ നിന്നും ഏറ്റവും ദൂരം കുറഞ്ഞ ഭ്രമണപഥമായ പെരിലൂണിലേക്ക് ചന്ദ്രയാൻ എത്തുന്നത്. ആഗസ്റ്റ് 23 ന് വൈകുന്നേരം 5.47 ഓടെയാണ് ചാന്ദ്രയാൻ-3 ന്റെ സോഫ്റ്റ് ലാൻഡിംഗ് നിശ്ചയിച്ചിട്ടുള്ളത്. സോഫ്റ്റ് ലാന്റിം​ഗിന് ശേഷം വിക്രം ലാന്ററിൽ നിന്ന് പ്രജ്ഞാൻ റോവർപുറത്ത് വന്ന് പേടകത്തിലെ ഉപകരണങ്ങൾ പ്രവർത്തന സജ്ജമാക്കും. അതേസമയം, റഷ്യയുടെ ചാന്ദ്രദൗത്യ വാഹനമായ ലൂണ -25ന് ലാന്റിംഗിന് മുന്നോടിയായി നടത്തേണ്ട ഭ്രമണപഥ മാറ്റം നടത്താന്‍ കഴിഞ്ഞില്ല. സാങ്കേതിക തകരാര്‍ മൂലമാണ് ഇത്തരം ഒരു സാഹചര്യം ഉണ്ടായത്. സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നതായി റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് പറഞ്ഞു .

You may have missed