November 28, 2024, 6:53 am

സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് കേരളം; ഓണച്ചെലവിന് 2000 കോടി കടമെടുക്കും

തിരുവനന്തപുരം: ഇത്തവണത്തെ ഓണച്ചെലവുകൾക്കായി 2000 കോടി രൂപ കടമെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഓണത്തോട് അനുബന്ധിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസ്, ഉത്സവബത്ത, അഡ്വാൻസ് എന്നിവ നൽകുന്നതിനും കെഎസ്ആർടിസിക്കും സപ്ലൈകോയ്ക്കും സാമ്പത്തിക സഹായം നൽകുന്നതിനുമായാണ് സർക്കാർ 2000 കോടി രൂപ കടമെടുക്കുന്നത്. ക്ഷേമ പെൻഷൻ വിതരണത്തിനായി കഴിഞ്ഞ ആഴ്‌ച 1000 കോടി രൂപ കടമെടുത്തതിന് പിന്നാലെയാണ് 2000 കോടി രൂപ കൂടി കടമെടുക്കാനൊരുങ്ങുന്നത്.ഈ വർഷം 20,521 കോടിയാണ് സംസ്ഥാന സർക്കാറിന് കടമെടുക്കാവുന്ന തുക. ഇതുവരെ 16,500 കോടി രൂപ കടമെടുത്തു. 2000 കോടി കൂടി കടമെടുത്ത് കഴിഞ്ഞാൽ ബാക്കിയുള്ള തുക 2021 കോടി രൂപ മാത്രമാകും. ഈ സാഹചര്യത്തിൽ വരും നാളുകളിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന കാര്യത്തിൽ സംശയമില്ല.ഈ മാസം 21 മുതലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ ലഭിക്കുന്നവർക്കും ബോണസ്, ഉത്സവബത്ത എന്നിവ വിതരണം ചെയ്യുന്നത്. 32,560 രൂപയോ അതില്‍ താഴെയോ വേതനം ലഭിക്കുന്ന സര്‍ക്കാര്‍ ജീവനക്കാർക്കാണ് ബോണസ് നൽകുക. ഇവർക്ക് 4000 രൂപയാണ് ബോണസ്. പെന്‍ഷന്‍കാര്‍ക്ക് 1000 രൂപയും ഉത്സവ ബത്ത നൽകും. കെഎസ്‌ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുൻപ് ജൂലൈ മാസത്തെ ശമ്പളം മുഴുവൻ കൊടുത്ത് തീർക്കണമെന്നും വിരമിച്ച കെഎസ്‌ആർടിസി ജീവനക്കാർക്ക് ജൂലൈ മാസത്തെ പെൻഷന്‍ ഉടൻ നൽകണമെന്നും ഹൈക്കോടതി കർശന നിർദേശം നൽകിയിരുന്നു.
ശമ്പള വിതരണം വൈകുന്നതിൽ ഹൈക്കോടതി രൂക്ഷ വിമർശനവും ഉന്നയിച്ചിരുന്നു. ഓണത്തിന് ആരെയും പട്ടിണി കിടത്താൻ അനുവദിക്കില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത്തവണ 4000 രൂപയാണ് സര്‍ക്കാര്‍ ബോണസ് നല്‍കുക. ഇക്കഴിഞ്ഞ 14നാണ് പ്രഖ്യാപനമുണ്ടായത്. അതേസമയം ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2750 രൂപയും നല്‍കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാലിന്‍റെ ഓഫിസ് അറിയിച്ചിരുന്നു. ഓണം അഡ്വാന്‍സായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 20,000 രൂപ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. പാര്‍ട്ട് ടൈം ഉള്‍പ്പെടെയുള്ള മറ്റ് ജീവനക്കാര്‍ക്ക് 6000 രൂപയാകും അഡ്വാന്‍സ് നല്‍കുക. 13 ലക്ഷത്തിലധികം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഇത്തവണ ഓണത്തിന് സഹായം എത്തിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു.

You may have missed