November 28, 2024, 6:05 am

മുംബൈ ഭീകരാക്രമണം; തഹാവൂര്‍ റാണ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് തള്ളി യുഎസ് കോടതി

വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് തള്ളി യുഎസ് കോടതി. റാണയെ ഇന്ത്യയ്‌ക്ക് കൈമാറാനുള്ള യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ അപേക്ഷ അംഗീകരിച്ച കോടതി തീരുമാനത്തിനെതിരെയാണ് ഇയാള്‍ റിട്ട് നല്‍കിയത്. എന്നാല്‍ ഇത് യുഎസ് കോടതി തള്ളുകയായിരുന്നു. 2008ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തില്‍ പ്രതിയായ പാകിസ്ഥാന്‍ വംശജനും കനേഡിയന്‍ വ്യവസായിയുമായ തഹാവൂര്‍ റാണയെ ഇന്ത്യയ്‌ക്ക് കൈമാറാന്‍ മെയ്‌ മാസത്തില്‍ യുഎസ് കോടതി ഉത്തരവിട്ടിരുന്നു. 62കാരനായ റാണയെ ഇന്ത്യയ്‌ക്ക് കൈമാറണമെന്ന യുഎസ് സര്‍ക്കാരിന്‍റെ അഭ്യര്‍ഥന കോടതി അംഗീകരിക്കുകയായിരുന്നു. ഈ വിധിക്കെതിരെ ലോസ് ഏഞ്ചല്‍സിലെ മെട്രോപൊളിറ്റന്‍ ഡിവിഷന്‍ സെന്‍ററില്‍ തടങ്കലില്‍ കഴിയുന്ന റാണ ജൂണിലാണ് ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചത്.എന്നാല്‍ റാണയുടെ ഹേബിയസ് കോര്‍പ്പസ് കോടതി പ്രത്യേക ഉത്തരവിലൂടെ തള്ളുകയായിരുന്നു. ഓഗസ്റ്റ് 10നാണ് സെന്‍ട്രല്‍ ഡിസ്‌ട്രിക്‌ട് ഓഫ് കാലിഫോര്‍ണിയയിലെ യുഎസ് ഡിസ്‌ട്രിക്‌ട് ജഡ്‌ജി ഡെയ്‌ല്‍ എസ് ഫിഷര്‍ റിട്ട് തള്ളിയത്. നയന്‍ത് സെര്‍ക്യൂട്ട് കോടതിയില്‍ തന്‍റെ അപ്പീല്‍ പരിഗണിക്കുന്നതു വരെ ഇന്ത്യയിലേക്ക് കൈമാറാനുള്ള വിധി സ്റ്റേ ചെയ്യണമെന്നും റാണ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.യുഎസ് കോടതിയില്‍ വിചാരണ നടന്നതും കുറ്റവിമുക്തനാകുകയും ചെയ്‌ത അതേ കേസില്‍ ഇന്ത്യയില്‍ വിചാരണ നടത്താന്‍ പദ്ധതിയിടുന്നതിനാല്‍ ഉടമ്പടി പ്രകാരം തന്നെ കൈമാറ്റം ചെയ്യാന്‍ സാധിക്കില്ല എന്നായിരുന്നു റാണ ഹര്‍ജിയില്‍ പറഞ്ഞത്. കൂടാതെ വിചാരണ നേരിടേണ്ടി വരുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യന്‍ നിയമപ്രകാരം ഉള്ള കുറ്റകൃത്യങ്ങള്‍ താന്‍ ചെയ്‌തതായി സര്‍ക്കാര്‍ സ്ഥാപിച്ചിട്ടില്ല എന്നും തഹാവൂര്‍ റാണ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ റാണയുടെ രണ്ട് വാദങ്ങളും കോടതി തള്ളുകയായിരുന്നു.മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരന്‍മാരില്‍ ഒരാളും പ്രസ്‌തുത കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുകയും ചെയ്യുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി അടുത്ത ബന്ധം റാണക്കുണ്ടെന്നത് തെളിയിക്കപ്പെട്ടതിനാല്‍ ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹര്‍ജി തള്ളിയത്.

You may have missed