മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ്
തിരുവനന്തപുരം: ഓണ കിറ്റ് മഞ്ഞ കാര്‍ഡ് (എ എ വൈ കാര്‍ഡ്) ഉടമകള്‍ക്ക് മാത്രം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. മഞ്ഞ ഉടമകള്‍ കൂടാതെ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. ഇതിനായി 32 കോടി രൂപ മുന്‍കൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും.5,87,691 എ എ വൈ കാര്‍ഡുകളാണ് ഉള്ളത്. ഇവര്‍ക്ക് മുഴുവന്‍ കിറ്റുകള്‍ ലഭിക്കും. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകളാണ് നല്‍കുക. ഇത്തരത്തില്‍ 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. റേഷന്‍ കടകള്‍ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക.തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, നെയ്യ്, കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റില്‍ ഉണ്ടാവുക. അനാഥാലയങ്ങള്‍, അഗതി മന്ദിരങ്ങള്‍ എന്നിവയാണ് ക്ഷേമസ്ഥാപനങ്ങളായി കണക്കാക്കിയിരിക്കുന്നത്. കൊവിഡ് കാലത്തടക്കം മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് നല്‍കിയിരുന്നു.എന്നാല്‍ ഇത്തവണ ഈ സ്ഥിതി തുടരേണ്ട ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സര്‍ക്കാറിന്‍റെ കടുത്ത സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തത്. കിറ്റ് ആര്‍ക്കൊക്കെ നല്‍കണം എന്നതില്‍ സര്‍ക്കാര്‍ തീരുമാനം വൈകിയിരുന്നു. സപ്ലൈക്കോയടക്കം കടുത്ത പ്രതിസന്ധി നേരിടുകയാണ്.സര്‍ക്കാറില്‍ നിന്ന് ലഭിക്കേണ്ട തുക ലഭിക്കാത്തതിനാല്‍ കൃത്യമായി സാധനങ്ങള്‍ എത്തിക്കുന്നതില്‍ സപ്ലൈക്കോയ്ക്ക് കഴിഞ്ഞിരുന്നില്ല. സബ്‌സിഡി പ്രഖ്യാപിച്ച് 13 സാധനങ്ങളില്‍ കുറച്ചു സാധനങ്ങള്‍ മാത്രമാണ് പല ഔട്ട്‌ലെറ്റുകളിലുമുള്ളത്. വിലക്കയറ്റം അതിന്‍റെ ഉയര്‍ന്ന തോതിലുള്ള സമയത്ത് സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലയാണ് ഓണക്കിറ്റിന്‍റെ കാര്യത്തില്‍ തീരുമാനമുണ്ടായിരിക്കുന്നത്. ഇതുകൂടാതെ കണ്‍സ്യൂമര്‍ഫെഡിന്‍റെ ഓണച്ചന്തകളും 19 മുതല്‍ പ്രവര്‍ത്തനം തുടങ്ങുന്നുണ്ട്.