നവജാതശിശുവിന് വാക്‌സിന്‍ മാറി നല്‍കിയ സംഭവം; നഴ്‌സിനെ സസ്‌പെൻഡ് ചെയ്തു
പാലക്കാട് നവജാത ശിശുവിന് വാക്‌സിന്‍ മാറി നല്‍കിയ സംഭവത്തില്‍ നഴ്‌സിനെ സസ്‌പെന്റ് ചെയ്തു. പിരിയാരി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നഴ്‌സ് ചാരുലതയെ ആണ് ആരോഗ്യവകുപ്പ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. ജനിച്ച് 45 ദിവസം കഴിഞ്ഞ് നൽകേണ്ട വാക്സീനാണ് കുഞ്ഞിന് മാറി നൽകിയത്. ജില്ലാ മെഡിക്കൽ ഓഫീസർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നഴ്സിന് കൈപ്പിഴ സംഭവിച്ചതായി കണ്ടെത്തി. നഴ്‌സ് തന്നെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജനിച്ച് അഞ്ച് ദിവസം മാത്രം പ്രായമായ കുഞ്ഞിനാണ് വാക്സീൻ മാറി നൽകിയത്.പള്ളിക്കുളം സ്വദേശികളായ ദമ്പതിമാരുടെ അഞ്ചുദിവസം പ്രായമായ കുഞ്ഞിനാണ് വാക്‌സിന്‍ മാറി നല്‍കിയത്. ബിസിജി കുത്തിവെപ്പിന് പകരം പോളിയോ വാക്‌സിനാണ് നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകരുടെ അനാസ്ഥക്കെതിരെ മാതാപിതാക്കള്‍ ഡിഎംഒക്ക് പരാതിയിരുന്നു. അതേസമയം കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.