November 28, 2024, 1:06 am

ചലച്ചിത്ര അവാര്‍ഡ് വിവാദം; ലിജീഷ് മുല്ലേഴത്തിന്‍റെ ഹര്‍ജി തള്ളി ഹൈക്കോടതി

എറണാകുളം: ചലച്ചിത്ര അവാർഡ് വിവാദത്തിൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി അധ്യക്ഷനായ ബെഞ്ച് അപ്പീൽ തള്ളിയത്. വ്യക്തമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് ഹർജിക്കാരൻ വാദിച്ചെങ്കിലും, തെളിവുകൾ എവിടെയെന്നായിരുന്നു കോടതിയുടെ ചോദ്യം.മതിയായ തെളിവുകൾ ഹാജരാക്കാനായില്ലെന്ന് നിരീക്ഷിച്ച ഡിവിഷൻ ബെഞ്ച്, സിനിമയുടെ നിർമാതാവ് എന്തുകൊണ്ട് ഹർജിയുമായി എത്തിയില്ലെന്നും ചോദ്യമുയർത്തി. സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണം എന്നാവശ്യപ്പെട്ടായിരുന്നു അപ്പീൽ. അവാർഡ് നിർണയത്തിൽ സ്വജനപക്ഷപാതം നടന്നെന്നും ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്ത് ഇടപെട്ടിരുന്നുവെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.ജൂറി അംഗങ്ങളായ നേമം പുഷ്‌പരാജ്, ജെൻസി ഗ്രിഗറി എന്നിവരുടെ ശബ്‌ദ രേഖകൾ തെളിവായി ഉന്നയിച്ചായിരുന്നു ലിജേഷ് സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നത്. ജൂറി അംഗങ്ങൾക്ക് പരാതി ഉണ്ടെങ്കിൽ അവർക്ക് നേരിട്ട് കോടതിയെ സമീപിക്കാമായിരുന്നല്ലോ എന്നും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നും ഹർജി തള്ളവെ സിംഗിൾ ബെഞ്ചും വ്യക്തമാക്കിയിരുന്നു. ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകനാണ് ലിജേഷ് മുല്ലേഴത്ത്.

You may have missed