April 4, 2025, 2:00 am

‘പോരാട്ടങ്ങളിൽ വിജയിക്കൂ’; ‘ഫൈറ്റർ’ മോഷൻ പോസ്റ്ററിന് കയ്യടിച്ച് ഷാരൂഖ് ഖാൻ

ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ഹൃത്വിക് റോഷനും (Hrithik Roshan) ദീപിക പദുകോണും (Deepika Padukone) മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് ‘ഫൈറ്റർ’ (Fighter). സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടത്. ഇപ്പോഴിതാ ‘ഫൈറ്റർ’ മോഷൻ പോസ്റ്ററിനും അണിയറക്കാർക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് ബോളിവുഡിന്‍റെ കിങ് ഖാൻ ഷാരൂഖ് ഖാൻ (Shah Rukh Khan). ‘ഫൈറ്റർ’ മോഷൻ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് ഷാരൂഖ് ഖാൻ ടീമിനെ അഭിനന്ദനം അറിയിച്ചത്. ഹൃത്വിക് റോഷൻ, ദീപിക പദുകോൺ, അനിൽ കപൂർ എന്നിവർ ഗംഭീരമായെന്നാണ് ഷാരൂഖിന്‍റെ വാക്കുകൾ. ‘പോരാട്ട’ങ്ങളിൽ വിജയിക്കൂ എന്നും താരം കുറിച്ചു. സിദ്ധാർഥ് ആനന്ദ് (Siddharth Anand) ആണ് ഇന്ത്യയിലെ ആദ്യ ഏരിയല്‍ ആക്ഷന്‍ മാഗ്നം ഓപ്പസ് ചിത്രമായ ഫൈറ്റർ സംവിധാനം ചെയ്യുന്നത്. ഷാരൂഖ് ഖാൻ നായകനായി, തിയേറ്ററുകളില്‍ വെന്നിക്കൊടി പാറിച്ച ‘പഠാൻ’ എന്ന ചിത്രത്തിന് ശേഷം സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ഫൈറ്റർ’. എയർ ഫോഴ്‌സ് ഉദ്യോ​ഗസ്ഥരായാണ് ദീപികയും ഹൃത്വിക് റോഷനും ഈ ചിത്രത്തില്‍ എത്തുന്നത്.തന്‍റെ ചിത്രത്തിലെ സ്‌ത്രീ കഥാപാത്രങ്ങൾ എപ്പോഴും ശക്തരായിരിക്കുമെന്നും ദീപിക ഇതുവരെ ചെയ്യാത്ത ഒരു വേഷമായിരിക്കും ‘ഫൈറ്ററി’ലേതെന്നും സംവിധായകൻ സിദ്ധാർഥ് ആനന്ദ് നേരത്തെ വ്യക്തമാക്കിയിരുന്നു. ‘പഠാന്’ ശേഷം ഇത് രണ്ടാം തവണയാണ് ദീപിക പദുകോണ്‍ സിദ്ധാർഥ് ആനന്ദുമായി കൈകോർക്കുന്നത്. അതേസമയം ‘ബാങ് ബാങ്’, ‘വാര്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹൃത്വിക് റോഷനും സിദ്ധാര്‍ഥ് ആനന്ദും വീണ്ടും ഒന്നിക്കുകയാണ് ‘ഫൈറ്റര്‍’ എന്ന ഈ ചിത്രത്തിലൂടെ. ഇന്ത്യന്‍ സായുധ സേനയുടെ ധീരതയ്‌ക്കും ത്യാഗത്തിനും ദേശ സ്‌നേഹത്തിനുമുള്ള ആദരവായാണ് ‘ഫൈറ്റർ’ അണിയിച്ചൊരുക്കിയിരിക്കുന്നത്. അടുത്ത വർഷം (2024) ജനുവരി 25ന് ചിത്രം തിയേറ്ററുകളിലെത്തും.