November 28, 2024, 5:16 am

വാഹനങ്ങളിലെ തീപിടുത്തം പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കും; ഗതാഗത മന്ത്രി

തിരുവനന്തപുരം: വാഹനങ്ങളിലെ തീപിടുത്തം പഠിക്കാന്‍ വിദഗ്ധ സമിതിയെ രൂപീകരിക്കും. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ രണ്ടു വര്‍ഷമുണ്ടായ അപകടങ്ങള്‍ പരിശോധിക്കും. വാഹനങ്ങളുടെ രൂപമാറ്റത്തിനെതിരെയും കര്‍ശന നടപടിയെടുക്കാനും യോഗത്തില്‍ തീരുമാനമായി. വാഹനങ്ങള്‍ക്ക് തീപിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യം ചര്‍ച്ച ചെയ്യാനാണ് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നത്. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ഇക്കാര്യം പരിശോധിക്കും. ഓട്ടോ മൊബൈല്‍ മേഖലയിലെ വിദഗ്ധരും സംഘത്തിലുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കേരളത്തില്‍ ഉണ്ടായ സമാന അപകടങ്ങള്‍ സമിതി വിശദമായി പഠിക്കും. അശാസ്ത്രീയമായ രൂപമാറ്റമാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും യോഗം വിലയിരുത്തി. വാഹനങ്ങളുടെ രൂപമാറ്റത്തിനെതിരെയും കര്‍ശന നടപടിയെടുക്കാനും തീരുമാനം. കൂടാതെ റോഡുകളില്‍ സ്ഥിരമായി നിയമം ലംഘിക്കുന്നവരുടെ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിക്കാനും ആലോചനയുണ്ട്. മാത്രമല്ല നിയമം അനുസരിക്കുന്നവര്‍ക്ക് പ്രീമിയം തുക കുറച്ചു നല്‍കുന്നതും പരിഗണിക്കും. ഒപ്പം അപകടങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്താനും തീരുമാനിച്ചു.

You may have missed